വില്‍പ്പന ഇരട്ടിയാക്കാന്‍ ടാറ്റ മോട്ടോഴ്സിന്റെ വമ്പന്‍ പദ്ധതി; പുതിയ മോഡലുകള്‍ വരുന്നു, 40,000 കോടി നിക്ഷേപം

ഉല്‍പാദന ശേഷി ഏകദേശം 45% വര്‍ധിപ്പിക്കാനും നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുമാണ് ലക്ഷ്യം

വില്‍പ്പന ഇരട്ടിയാക്കാന്‍ ടാറ്റ മോട്ടോഴ്സിന്റെ വമ്പന്‍ പദ്ധതി; പുതിയ മോഡലുകള്‍ വരുന്നു, 40,000 കോടി നിക്ഷേപം
dot image

അടുത്ത അഞ്ച് വര്‍ഷത്തിനിടെ വമ്പന്‍ നിക്ഷേപത്തിന് പദ്ധതിയിട്ട് ടാറ്റ മോട്ടോഴ്‌സ്. 37,500 കോടി മുതല്‍ 40,000 കോടി വരെ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഉല്‍പാദന ശേഷി ഏകദേശം 45% വര്‍ധിപ്പിക്കാനും നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുമാണ് ലക്ഷ്യം. ഇതിലൂടെ വാര്‍ഷിക വാഹന വില്‍പ്പന 12 ലക്ഷം യൂണിറ്റിലേറെയാക്കി ഇരട്ടിയാകുമെന്നാണ് ടാറ്റയുടെ അനുമാനം.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, 2031 സാമ്പത്തിക വര്‍ഷത്തോടെ ആഭ്യന്തര വിപണിയില്‍ 20% വിപണി വിഹിതം നേടാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലുള്ള മോഡല്‍ ശ്രേണി 15 ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആറു പുതിയ വാഹന മോഡലുകള്‍ അവതരിപ്പിക്കും. നിലവിലെ 9 ലക്ഷം യൂണിറ്റ് വാര്‍ഷിക ഉല്‍പാദന ശേഷി അടുത്ത രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 13 ലക്ഷം യൂണിറ്റായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു.

ഇന്ത്യന്‍ വാഹന വിപണിയില്‍ വന്‍ വളര്‍ച്ച പ്രതീക്ഷ

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണി 2026 സാമ്പത്തിക വര്‍ഷത്തിലെ 47 ലക്ഷം യൂണിറ്റില്‍ നിന്ന് 2031 ഓടെ 64 ലക്ഷം യൂണിറ്റായി വളരും. ഉയരുന്ന വരുമാനം, വാഹനങ്ങള്‍ വേഗത്തില്‍ മാറ്റി വാങ്ങുന്ന പ്രവണത, പ്രീമിയം വാഹനങ്ങളോടുള്ള വര്‍ധിച്ച താല്‍പര്യം എന്നിവയാണ് വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളായി കമ്പനി കണക്കാക്കുന്നത്. വ്യവസായത്തിലെ ശരാശരി വാഹന വില 2026 സാമ്പത്തിക വര്‍ഷത്തിലെ 11-12 ലക്ഷത്തില്‍ നിന്ന് 2031 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 15 ലക്ഷമായി ഉയരുമെന്നും കമ്പനി വിലയിരുത്തുന്നു.

ഇലക്ട്രിക്, സിഎന്‍ജി മോഡലുകള്‍ക്ക് ഊന്നല്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.4 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റ ടാറ്റ മോട്ടോഴ്സ്, 2031ഓടെ 12 ലക്ഷം യൂണിറ്റിലേറെ വില്‍പ്പന ലക്ഷ്യമിടുന്നു. ഈ വളര്‍ച്ചയുടെ വലിയൊരു പങ്ക് ഇലക്ട്രിക് വാഹനങ്ങളും സിഎന്‍ജി മോഡലുകളും വഴിയായിരിക്കും. 2031 ഓടെ കമ്പനിയുടെ മൊത്തം വാഹന ശ്രേണിയില്‍ 30% ലേറെ ഇവി പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി നിലവിലെ ആറു ഇവി മോഡലുകള്‍ 10 ആയി വര്‍ധിപ്പിക്കും. 2031 ഓടെ ഇന്ത്യയിലെ ഇവി വിപണി വര്‍ഷത്തില്‍ 10 ലക്ഷം യൂണിറ്റുകള്‍ കടക്കുമെന്നും, ഇത് മൊത്തം വാഹന വിപണിയുടെ 15-20% വരെ എത്തുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ഇലക്ട്രിക് വാഹന രംഗത്തെ മേല്‍ക്കൈ നിലനിര്‍ത്തുന്നതിനായി Tata Sierra EV, Tata Avinya അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലുകള്‍ അവതരിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ആഗോള ഓട്ടോമൊബൈല്‍ ശക്തിയായി മാറുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

Content Highlights: Tata Motors plans to invest up to ?40,000 crore over the next five years, expand production capacity to 1.3 million units, and more than double annual vehicle sales by FY31, with electric and CNG vehicles expected to drive a major share of future growth

dot image
To advertise here,contact us
dot image