'കാരണങ്ങളോ ന്യായങ്ങളോ ഉണ്ടായില്ല'; അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ കെ സുധാകരൻ, വെെകാതെ വീഡിയോ നീക്കി

സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ മാത്രമല്ല, ഭരണപക്ഷത്തിന്റെയും ഉത്തരവാദിത്തമാണെന്ന് സുധാകരൻ

'കാരണങ്ങളോ ന്യായങ്ങളോ ഉണ്ടായില്ല'; അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ കെ സുധാകരൻ, വെെകാതെ വീഡിയോ നീക്കി
dot image

കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ വീണ്ടും തുറന്നടിച്ച് കെ സുധാകരന്‍ എംപി. അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചു. അന്യായമായി പദവിയില്‍ നിന്നും നീക്കിയതില്‍ അതിയായ ദുഃഖമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിന് എതിരെ നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുത്. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവെയ്ക്കരുത്. ഭരണം വരും പോകും, അധികാരം മാറിമറിയുമെന്നും സുധാകരന്റെ ഓര്‍മ്മപ്പെടുത്തുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധാകരന്റെ തുറന്ന് പറച്ചില്‍. വീഡിയോ പിന്നീട് നീക്കം ചെയ്തു. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനെന്ന പോലെ ഭരണപക്ഷത്തിനും അര്‍ഹതയുണ്ടെന്നും സുധാകരന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

'കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടിയ വ്യക്തി എന്ന നിലയിലാണ് ഞാന്‍ എന്റെ അനുഭവങ്ങള്‍ തുറന്നുപറയുന്നത്. കേവലം ഒരു രാഷ്ട്രീയ പ്രസ്താവനയല്ല. എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച ചുടുചോരയുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേര്‍സാക്ഷ്യമാണ്. ഇത് വ്യക്തിവൈരാഗ്യമല്ല. രാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യജീവനുകള്‍ കരിച്ചുകളയുന്ന ഒരു സംസ്‌കാരത്തോടുള്ള കടുത്ത എതിര്‍പ്പാണ്. എതിര്‍രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവനെ മനുഷ്യനായി കാണാതെ ശത്രുവായി കണ്ട് അവന്റെ കുടുംബത്തേയും ജീവിതത്തേയും വേട്ടയാടുന്ന കിരാത രാഷ്ട്രീയത്തോടും എനിക്ക് ഒരിക്കലും പൊരുത്തപ്പെടാനാകില്ല. എന്റെ നിലപാട് ഇന്നും നാളെയും അതുതന്നെയായിരിക്കും', സുധാകരന്‍ പറയുന്നു.

'എന്നാല്‍ ഇതിനോടൊപ്പം കോണ്‍ഗ്രസിലെ ചില സഹപ്രവര്‍ത്തകരോടും ചിലത് തുറന്നുപറയാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ഭരണം വരും പോകും. അധികാരങ്ങള്‍ മാറി മറയും. പക്ഷെ അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അടിയറവ് വെയ്ക്കരുത്. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളെ ആരും നിസ്സാരമായി കാണരുത്. തികഞ്ഞ വേദനയോടെ ചോദിക്കട്ടെ, അടിപതറി തകര്‍ന്നുതരിപ്പണം ആയിരുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഞാന്‍ കെപിസിസി പ്രസിഡന്റ് ആയി ഏറ്റെടുത്ത് കരകയറാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ലഭിച്ചത് എന്താണ്. അന്നത്തെ ദുഷ്‌കരമായ ചുറ്റുപാടില്‍ നിന്നും കോണ്‍ഗ്രസിനെ വിജയങ്ങളുടെ പാതയിലേക്ക് നയിച്ചതും തെരഞ്ഞെടുപ്പില്‍ വന്‍വിജയങ്ങള്‍ വെട്ടിത്തുറന്നതും ചരിത്രമാണ്. എന്നിട്ടും കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി', സുധാകരന്‍ പറഞ്ഞു.

Also Read:

പാര്‍ട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടെയും പ്രതിസന്ധിയില്‍ കൂടെ നിന്നവരുടെയും വിയര്‍പ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ല. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ മാത്രമല്ല, ഭരണപക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. അത് ഏത് സര്‍ക്കാരായാലും ശരി. സര്‍ക്കാരിന് വേണ്ടത് സ്തുതി പാഠകരെയല്ല. തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ ധൈര്യമുള്ള പോരാളികളെയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തുമ്പോഴാണ് പ്രസ്ഥാനം ശക്തമാകുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K Sudhakran against Congress Leadership

dot image
To advertise here,contact us
dot image