

ദുബായ് ഫ്യൂച്ചർ വീക്കിന്റെ ഭാഗമായി വിവിധ മേഖലകളിലെ 500 പ്രമുഖ നേതാക്കളെയും വിദഗ്ദ്ധരെയും ക്ഷണിച്ച് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അഞ്ച് സുപ്രധാന മേഖലകളിൽ നിന്നുള്ള പ്രഫഷണലുകൾക്ക് തങ്ങളുടെ അറിവുകളും കാഴ്ചപ്പാടുകളും പങ്കുവെക്കാനാണ് അവസരമൊരുക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തോടെയുള്ള ലക്ഷ്യങ്ങൾ മുമ്പോട്ടു കൊണ്ടുപോകുന്നതിൽ ഈ പ്രമുഖരെ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് ഹംദാൻ എക്സിലൂടെ വ്യക്തമാക്കി.
നവംബർ 18 മുതൽ 21 വരെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്സ് ടവേഴ്സിലുമായാണ് ദുബായ് ഫ്യൂച്ചർ വീക്ക് നടക്കുന്നത്. 'ദുബായ് ഷേപ്പേഴ്സ്' എന്ന പേരിലുള്ള ലോഗോ പങ്കുവെച്ചുകൊണ്ടാണ് കിരീടാവകാശി ഈ പ്രഖ്യാപനം നടത്തിയത്. 'ഫ്യൂച്ചർ ഈസ് എ ഷെയർഡ് റെസ്പോൺസിബിലിറ്റി' (ഓരോരുത്തർക്കും ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കുണ്ട്) എന്ന ആശയത്തിലൂന്നിയാണ് ഈ ആഗോള സമ്മേളനം സംഘടിപ്പിക്കുന്നത്. 'ഫോർ ദി ഹ്യൂമൻ ഓഫ് ദി ഫ്യൂച്ചർ' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും.
തെരഞ്ഞെടുക്കപ്പെട്ട 500 വിദഗ്ദ്ധരിൽ 100 അധ്യാപകർ, 100 ഫ്രണ്ട്ലൈൻ പ്രവർത്തകർ, 100 പ്രാദേശിക സംരംഭകർ, 100 സാമ്പത്തിക വിദഗ്ദ്ധർ, 100 അർബൻ പ്ലാനർമാർ എന്നിവർ ഉൾപ്പെടുന്നു. ദുബായ് ഫ്യൂച്ചർ വീക്കിന്റെ എട്ട് പ്രധാന ആശയങ്ങളിലൊന്നായ '500 ഫ്യൂച്ചർ മൈൻഡ്സ്' വഴിയാണ് ഇവർ പങ്കാളികളാകുന്നത്. വിവിധ മേഖലകളെ പുനർനിർമ്മിക്കാൻ സഹായിക്കുന്ന ആശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകളും ഇവർ ചർച്ച ചെയ്യും.
നമ്മൾ എങ്ങനെ ജീവിക്കും എങ്ങനെ ചിന്തിക്കും എങ്ങനെ നവീകരിക്കും എങ്ങനെ അനുഭവിക്കും എങ്ങനെ ബിസിനസ്സ് ചെയ്യും എന്നീ അഞ്ച് പ്രധാന ചോദ്യങ്ങളെ മുൻനിർത്തിയാണ് ദുബായ് ഫ്യൂച്ചർ വീക്ക് സംഘടിപ്പിക്കുന്നത്. മനുഷ്യകേന്ദ്രീകൃതമായ വികസനത്തിലൂടെ ദുബായുടെ ഭാവി സുരക്ഷിതമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Content Highlights: Sheikh Hamdan has invited 500 professionals from five key sectors to participate in Dubai Future Week 2026, sharing ideas and expertise to help shape the emirate’s future.