ഗോൾഡൻ സ്റ്റാർട്ട് നൽകി വനിതാ ക്രിക്കറ്റ് ടീം; വുഷുവിലും പുരുഷ ബാഡ്മിന്റണിലും മെഡലുറപ്പ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ക്രിക്കറ്റിലൂടെ.

ഗോൾഡൻ സ്റ്റാർട്ട് നൽകി വനിതാ ക്രിക്കറ്റ് ടീം; വുഷുവിലും പുരുഷ ബാഡ്മിന്റണിലും മെഡലുറപ്പ്
dot image

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ക്രിക്കറ്റിലൂടെ. ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. സ്വർണ നേട്ടത്തോടെ മെഡല്‍പ്പട്ടികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ഒരു സ്വർണവും നാല് വെള്ളിയും രണ്ട്‌ വെങ്കലവുമായി നിലവിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ.

147 റൺസിന്റെ വമ്പൻ ജയത്തോടെയാണ് ഇന്ത്യയുടെ പെൺപുലികൾ വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്തിട്ടത്. 79 റൺസ് അടിച്ചെടുത്ത സ്മൃതി മന്ദാനയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ.

22 പന്തിൽ 49 റൺസ് നേടിയ റിച്ച ഘോഷും 29 പന്തിൽ 48 റൺസ് നേടി ഷെഫാലി വർമയും കളം നിറഞ്ഞതോടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 216 റൺസിന്റെ കൂറ്റൻ ടോട്ടൽ. ദീപ്‌തി ശർമ മൂന്നും ശ്രേയങ്ക പാട്ടീൽ, ഷെഫാലി വർമ, ശ്രീ ചരണി എന്നിവർ രണ്ട്‌ വിക്കറ്റ് വീതവും നേടിയപ്പോൾ ലങ്കയുടെ മറുപടി 69 ലവസാനിച്ചു. ഇന്ത്യൻ വനിതകൾ സ്വർണ മധുരം നുണഞ്ഞു.

വനിതാ ക്രിക്കറ്റിലെ സ്വർണ നേട്ടത്തിന് പിന്നാലെ ഇന്ത്യ വിവിധ ഇനങ്ങളിൽ മെഡലുറപ്പിച്ചു. വുഷു വനിത വിഭാ​ഗത്തിൽ 60 കിലോ​ഗ്രാം ഇനത്തിൽ നവോറം റോഷിബിന ദേവിയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയായത്.

ക്വാർട്ടർ ഫൈനലിൽ മക്കാവുവിന്റെ മാൻ സിൻ ഷുവിനെ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചതോടെയാണ് മെഡൽ ഉറപ്പിച്ചത്. സെമിഫൈനലിൽ ഇന്തോനേഷ്യയുടെ താനിയ കുസുമാനിംഗ്ത്യാസ് ആണ് റോഷിബിനയുടെ എതിരാളി.

ഏഷ്യൻ ഗെയിംസിൽ റോഷിബിനയുടെ മൂന്നാം മെഡൽ നേട്ടമാണിത്. ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ വെള്ളിയും 2018ലെ ജക്കാർത്ത ഗെയിംസിൽ വെങ്കലവും റോഷിബിന സ്വന്തമാക്കിയിരുന്നു.

ഏഷ്യൻ ​ഗെയിംസിൽ ബാഡ്മിന്റണിൽ പുരുഷന്മാരുടെ ടീം ഇനത്തിലും ഇന്ത്യ മെഡൽ ഉറപ്പാക്കി. ക്വാർട്ടർ ഫൈനലിൽ മൂന്നാമത്തെ മത്സരത്തിൽ ആയുഷ് ഷെട്ടി 3-0ന് മുന്നിലെത്തിയതാണ് ഇന്ത്യക്ക് തുണയായത്. ജപ്പാന്റെ കോക്കി വാടനാബെയെ 21-10, 21-19 എന്ന സ്കോറിന് പരാജയപ്പെടുത്തി ആയുഷ് ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചു. ഇതോടെ ഇന്ത്യക്ക് ഈ ഇനത്തിൽ മെഡൽ ഉറപ്പായി. സെമിഫൈനലിൽ ദക്ഷിണ കൊറിയയോ, ചൈനയോ ആവും എതിരാളി.

2023ലെ ഹാങ്‌ഷൗ ഏഷ്യൻ ​ഗെയിംസിൽ വെള്ളി മെഡൽ ജേതാക്കളായ പുരുഷ ടീം തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും മെഡൽ നേട്ടത്തിനൊരുങ്ങുകയാണ്.

ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ മെഡൽ കാണാതെ പുറത്തായത് ഇന്ത്യയ്ക്ക് നിരാശയായി. ജപ്പാനോട് 3-1 എന്ന നിലയിൽ പരാജയപ്പെട്ടാണ് ഇന്ത്യൻ ടീം പുറത്തായത്. മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദ് കളിച്ച മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.

ഏറെ പ്രതീക്ഷയോടെ കണ്ട ഷൂട്ടിംഗ് ട്രാക്കിൽ ഇന്ന് ഇന്ത്യയ്ക്ക് നിരാശയുടേതായിരുന്നു. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങളായ ഇളവേനിൽ വളറിവനും പാർത്ഥ് മാനെയും ഫൈനലിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പുറത്തായി.

മിക്സഡ് ടീം ഇനത്തിൽ മെഡൽ ലഭിച്ചില്ലെങ്കിലും ഗെയിംസിൽ മികച്ച പ്രകടനമാണ് ഇരുതാരങ്ങളും കാഴ്ചവെച്ചത്. ഇളവേനിൽ വളറിവൻ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ വെള്ളിയും, സോനം മസ്കാർ, വിദാർശ വിനോദ് എന്നിവർക്കൊപ്പം ടീം ഇനത്തിൽ മറ്റൊരു വെള്ളിയും സ്വന്തമാക്കി.

അരങ്ങേറ്റക്കാരനായ 18 കാരൻ പാർത്ഥ് മാനെ , രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൺ എന്നിവർക്കൊപ്പം പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി.പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ ഇന്ത്യ 16-1 ന് തകർത്ത് രണ്ടാം ജയം സ്വന്തമാക്കി.

content highlights: asian games 2026 india womens cricket gold badminton wushu medal guaranteed

dot image
To advertise here,contact us
dot image