

ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തെ പ്രമുഖരായ ഫോൺപേ (PhonePe) യുഎഇ വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതിനായി രണ്ട് പ്രധാന ലൈസൻസുകൾക്ക് യുഎഇ സെൻട്രൽ ബാങ്ക് തത്വത്തിൽ അനുമതി നൽകി. സെൻട്രൽ ബാങ്കിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്നതോടെ ഫോൺപേയുടെ ആദ്യ അന്താരാഷ്ട്ര വിപണിയായി യുഎഇ മാറും.
റീട്ടെയിൽ പേയ്‌മെന്റ് സേവനങ്ങൾ, കാർഡ് സ്‌കീമുകൾ, സ്റ്റോർഡ് വാല്യു ഫെസിലിറ്റീസ് എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസുകൾക്കാണ് ഫോൺപേയ്ക്ക് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. പ്രാഥമിക നിയന്ത്രണ പരിശോധനകൾ വിജയകരമായി പൂർത്തിയായെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങുന്നതിന് അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. അന്തിമ അംഗീകാരം ലഭിക്കുന്നതോടെ യുഎഇയിലെ ബാങ്കുകൾ, പേയ്‌മെന്റ് സേവനദാതാക്കൾ എന്നിവരുമായി സഹകരിച്ച് അവിടുത്തെ സാങ്കേതിക സംവിധാനങ്ങളുമായി ഫോൺപേയുടെ സേവനങ്ങൾ സംയോജിപ്പിക്കും.
യുഎഇയുടെ ആഭ്യന്തര ഡിജിറ്റൽ പേയ്‌മെന്റ് ശൃംഖലകളായ 'ആനി' (Aani), 'ജയ്‌വാൻ' (Jaywan) എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതകളും ഫോൺപേ പരിശോധിക്കുന്നുണ്ട്. നിലവിൽ എൻപിസിഐ (NPCI) വഴിയുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യൻ സഞ്ചാരികൾക്ക് യുഎഇയിലെ ചില ക്യുആർ കോഡുകൾ സ്‌കാൻ ചെയ്ത് യുപിഐ (UPI) വഴി പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ പുതിയ ലൈസൻസുകളിലൂടെ പൂർണ്ണ തോതിലുള്ള സേവനങ്ങൾ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ 70 കോടിയിലധികം ഉപയോക്താക്കളും അഞ്ച് കോടിയോളം വ്യാപാരികളുടെ ശൃംഖലയുമുള്ള ഫോൺപേയ്ക്ക് യുഎഇയിലെ ഈ പൂർണ്ണ തോതിലുള്ള പ്രവേശനം വലിയൊരു കുതിച്ചുചാട്ടമാകും. യുഎഇയുടെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ചയും സാമ്പത്തിക പരിവർത്തനവും മുന്നിൽ കണ്ടാണ് കമ്പനി അന്താരാഷ്ട്ര തലത്തിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നത്.
Content Highlights: PhonePe has secured in-principle approval for two UAE payment licences covering Retail Payment Services and Card Schemes, and Stored Value Facilities. The company still needs final regulatory approval before beginning commercial operations in the UAE.