

ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ അര്‍ധരാത്രിയിലെ വിശപ്പും പരിഭ്രമവും അകറ്റാന്‍ താന്‍ കൂടെ കരുതിയിരുന്ന പ്രിയപ്പെട്ട ലഘുഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. മത്സരങ്ങളുടെ സമ്മര്‍ദ്ദം കാരണം പലപ്പോഴും രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതിരുന്ന വേളകളില്‍ അമ്മ ഉണ്ടാക്കി നല്‍കിയിരുന്ന 'ബനാന വേഫേഴ്സ്' (ഏത്തക്ക ചിപ്സ്) ആയിരുന്നു തന്റെ പ്രധാന ആശ്രയമെന്ന് രോഹിത് വ്യക്തമാക്കി. 'ഫാമിലി ഫുള്‍ ഹൗസ് വിത്ത് രോഹിത് ശര്‍മ' എന്ന ടെലിവിഷന്‍ ഷോയിലാണ് താരം ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്.
2013 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇന്ത്യയ്ക്കായി 67 ടെസ്റ്റ് മത്സരങ്ങളില്‍ രോഹിത് കളിച്ചിട്ടുണ്ട്. 40.57 ശരാശരിയില്‍ 12 സെഞ്ചുറിയും 18 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4,301 റണ്‍സാണ് താരം ഈ ഫോര്‍മാറ്റില്‍ നേടിയത്. 212 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റിനെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും രോഹിത് പറഞ്ഞത് ഇങ്ങനെ: 'കള്ളം പറയുന്നില്ല, ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഉള്ളില്‍ വലിയ പരിഭ്രമമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് ഏറെ പ്രിയപ്പെട്ട ഫോര്‍മാറ്റ് ആയതുകൊണ്ടുതന്നെ ആ സമയങ്ങളില്‍ ഈ സമ്മര്‍ദ്ദം കൂടുതലായിരുന്നു. ടെസ്റ്റ് മത്സരം കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു ഫോര്‍മാറ്റും എളുപ്പമല്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന് അതിന്റേതായ വ്യത്യസ്ത വെല്ലുവിളികളുണ്ട്' -അദ്ദേഹം പറഞ്ഞു.
'മത്സരത്തെക്കുറിച്ചുള്ള ചിന്തയും ആകാംക്ഷയും കാരണം എനിക്ക് രാത്രികളില്‍ ഉറങ്ങാന്‍ കഴിയില്ലായിരുന്നു. രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ എന്തെങ്കിലും കഴിക്കാന്‍ തോന്നും. ആ സമയങ്ങളില്‍ കഴിക്കാനായി ഞാന്‍ എപ്പോഴും എന്റെ 'കംഫര്‍ട്ട് ഫുഡ്' കൂടെ കരുതുമായിരുന്നു. അമ്മ ഉണ്ടാക്കി തരുന്ന ബനാന വേഫേഴ്സ് ആയിരുന്നു അത്'. ഇവ എണ്ണയില്‍ വറുത്തവയായിരുന്നില്ലെന്നും അമ്മ പ്രത്യേകം ബേക്ക് ചെയ്ത് ഉണ്ടാക്കി തരുന്നവയായിരുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 'അമ്മയ്ക്ക് ഇതുണ്ടാക്കാന്‍ ചില പ്രത്യേക രീതികളുണ്ടായിരുന്നു. വറുക്കുന്നതിന് പകരം അമ്മ അത് ബേക്ക് ചെയ്തെടുക്കുകയാണ് പതിവ്. അത് ഞാന്‍ എപ്പോഴും കൂടെ കരുതും, വിശപ്പ് തോന്നുമ്പോള്‍ കഴിക്കുകയും ചെയ്യുമായിരുന്നു' -രോഹിത് പറഞ്ഞു.
content highlights: Rohit Sharma Reveals His 'Secret Snack' to Beat Test Match Jitters