100 KM വേഗതയിൽ ചുഴലിക്കാറ്റ് ഭീഷണി; ഏഷ്യൻ ഗെയിംസ് വില്ലേജിൽ നിന്ന് താരങ്ങളെ ഒഴിപ്പിക്കാൻ ജപ്പാൻ

താരങ്ങളുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഏഷ്യൻ ഗെയിംസിന് ഭീഷണിയായി ചുഴലിക്കാറ്റും

100 KM വേഗതയിൽ ചുഴലിക്കാറ്റ് ഭീഷണി; ഏഷ്യൻ ഗെയിംസ് വില്ലേജിൽ നിന്ന് താരങ്ങളെ ഒഴിപ്പിക്കാൻ ജപ്പാൻ
dot image

ഏഷ്യൻ ഗെയിംസ് 2026 ജപ്പാന് വീണ്ടും പണിയാകുന്നു. താരങ്ങളുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഏഷ്യൻ ഗെയിംസിന് ഭീഷണിയായി ചുഴലിക്കാറ്റും. ജപ്പാനിലെ ഐച്ചി-നഗോയ തീരത്തേക്ക് ശക്തമായ ഡുജുവാൻ ചുഴലിക്കാറ്റ് അടുക്കുന്നതിനെത്തുടർന്ന് ഏഷ്യൻ ഗെയിംസ് സംഘാടനം തടസപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രകൃതിദുരന്ത സാഹചര്യമുണ്ടായാൽ കായികതാരങ്ങളെ താത്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് ജാപ്പനീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച മധ്യ ജപ്പാനിലേക്ക് നീങ്ങിയ ഡുജുവാൻ ഉഷ്ണമേഖലാ കൊടുങ്കാറ്റിന് മണിക്കൂറിൽ 90 - 100 കിലോമീറ്റർ വേഗതയും, പരമാവധി 126 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാവുന്ന കാറ്റുമുണ്ട്. ശനിയാഴ്ച ഗെയിംസ് ഔദ്യോഗികമായി ആരംഭിച്ചതിന് രണ്ടു ദിവസത്തിന് ശേഷം, സെപ്റ്റംബർ 21-ഓടെ ചുഴലിക്കാറ്റ് ഐച്ചി-നഗോയ മേഖലയിലേക്ക് എത്തിയേക്കുമെന്നാണ് പ്രവചനം.

ആയിരക്കണക്കിന് താരങ്ങളെയും ഉദ്യോഗസ്ഥരെയും താമസിപ്പിച്ചിരിക്കുന്ന 'കോസ്റ്റ സെറീന' എന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പൽ ചുഴലിക്കാറ്റിന്റെ കാറ്റ് ശക്തമായാൽ തുറമുഖത്ത് നിന്ന് സുരക്ഷിതമായ കടലിലേക്ക് മാറ്റും.

ചുഴലിക്കാറ്റ് ഭീഷണിക്ക് പുറമെ താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളും ഗെയിംസ് സംഘാടകർ നേരിടുന്നുണ്ട്. തുടക്കത്തിൽ 15,000 താരങ്ങളെയും ഉദ്യോഗസ്ഥരെയുമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തിയതോടെ പങ്കാളികളുടെ എണ്ണം 17,000 ആയി ഉയർന്നു.

ഇന്ത്യൻ താരങ്ങൾക്കടക്കം 14 മണിക്കൂർ കാത്തുനിന്ന ശേഷമാണ് താമസ സൗകര്യം കിട്ടിയതെന്നും കിട്ടിയത് തന്നെ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതാണെന്നുമുള്ള പരാതിയും ഉയർന്നിരുന്നു.


content highlights: japan prepares evacuation as typhoon threatens 2026 asian-games village

dot image
To advertise here,contact us
dot image