അഭിഷേക് ആശുപത്രി വിട്ടു; ബുംറയും ഫിറ്റ്; ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആശ്വാസം

പനിയെത്തുടർന്ന് അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറ കളിച്ചിരുന്നില്ല

അഭിഷേക് ആശുപത്രി വിട്ടു; ബുംറയും ഫിറ്റ്; ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആശ്വാസം
dot image

ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ നാളത്തെ മത്സരത്തില്‍ കളിക്കാൻ സജ്ജനാണെന്നും വയറിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഓപ്പണർ അഭിഷേക് ശർമ്മ ആശുപത്രി വിട്ടെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യൻ താരം തിലക് വർമ്മ പറഞ്ഞു.

പനിയെത്തുടർന്ന് അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറ കളിച്ചിരുന്നില്ല. എന്നാൽ നാളത്തെ മത്സരത്തിൽ ബുംറ സെലക്ഷന് ലഭ്യമാണെന്ന് തിലക് പറഞ്ഞു. എങ്കിലും, അന്തിമ ഇലവനെക്കുറിച്ചുള്ള അന്തിമ തീരുമാനം നാളെ മത്സരത്തിന് മുമ്പ് മാത്രമേ കൈകൊള്ളുകയുള്ളൂവെന്നും തിലക് വ്യക്തമാക്കി. ബുംറ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാൽ ആദ്യ മത്സരത്തില്‍ കളിച്ച മുഹമ്മദ് സിറാജിന് സ്ഥാനം നഷ്ടമാകാനാണ് സാധ്യത.

അമേരിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഭിഷേക് ശർമ്മ ഇന്ന് ആശുപത്രി വിട്ടെന്നും തിലക് വ്യക്യമാക്കി. അഭിഷേക് ഇന്ന് ആശുപത്രി വിട്ടു, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. മത്സരത്തിന് ഇനിയും ഒരു ദിവസം കൂടി ബാക്കിയുണ്ട്. നാളെ അഭിഷേകിന്‍റെ ആരോഗ്യസ്ഥിതി നോക്കിയശേഷമാകും പ്ലേയിംഗ് ഇലവനില്‍ കളിക്കുമോ എന്ന കാര്യം തീരുമാനിക്കൂവെന്നും തിലക് വർമ്മ വ്യക്തമാക്കി.

അഭിഷേക് ശർമ്മയ്ക്ക് നാളെ വിശ്രമം അനുവദിക്കുകയാണെങ്കിൽ സഞ്ജു സാംസൺ ഓപ്പണറായി ടീമിലെത്തിയേക്കും. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് ആദ്യ മത്സരത്തിൽ സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്. എന്നാൽ അഭിഷേകിന്‍റെ അഭാവം സഞ്ജുവിന് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്.

Content Highlights:update for abhishek sharma and jasprit burma ; t20 worldcup

dot image
To advertise here,contact us
dot image