

യുഎഇ ദിര്‍ഹത്തിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഗൂഗിളില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നത് പ്രവാസികള്‍ക്കിടയില്‍ കൗതുകത്തിനും ആശയക്കുഴപ്പത്തിനും കാരണമായി. തിങ്കളാഴ്ച (നവംബര്‍ 23) കുറച്ചുസമയത്തേക്ക് ഒരു യുഎഇ ദിര്‍ഹത്തിന് 28.14 ഇന്ത്യന്‍ രൂപ എന്ന നിരക്കാണ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് നിരക്ക് സാധാരണ നിലയിലേക്ക് തിരിച്ചെത്തി.
ഒരു ദിര്‍ഹത്തിന് ഏകദേശം 25 രൂപ നിരക്കില്‍ വിനിമയം നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി 28.14 രൂപ എന്ന നിരക്ക് പ്രത്യക്ഷപ്പെട്ടത്. ഉയര്‍ന്ന വിനിമയ നിരക്ക് കണ്ട് നാട്ടിലേക്ക് പണം അയക്കാന്‍ തയ്യാറായ പ്രവാസികള്‍ക്കിടയിലും ഇത് വലിയ ചര്‍ച്ചയായി.
അമേരിക്കന്‍ ഡോളറുമായി സ്ഥിര വിനിമയ നിരക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന കറന്‍സിയാണ് യുഎഇ ദിര്‍ഹം. ഒരു ദിര്‍ഹത്തിന് 28.14 രൂപ ലഭിക്കണമെങ്കില്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏകദേശം 103.34 രൂപയിലേക്ക് ഇടിയേണ്ടതുണ്ട്.
കറന്‍സി വിനിമയ വിവരങ്ങള്‍ കൈമാറുന്ന ഡാറ്റാ സംവിധാനത്തിലെ താല്‍ക്കാലിക സാങ്കേതിക പിശകോ തെറ്റായ നിരക്ക് രേഖപ്പെടുത്തിയതോ ആകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഗൂഗിളിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കാണിക്കുന്ന വിനിമയ നിരക്കുകള്‍ മാത്രം ആശ്രയിക്കാതെ, നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് മുമ്പ് അംഗീകൃത എക്സ്ചേഞ്ചുകളുടെയും ബാങ്കുകളുടെയും യഥാര്‍ത്ഥ വിനിമയ നിരക്ക് പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം ഓര്‍മിപ്പിക്കുന്നു
Content Highlights: Google unexpectedly displayed a sharp rise in the Indian rupee's exchange rate against the UAE dirham, creating curiosity and confusion among expatriates in the UAE. The unusual rate display has raised questions among the Indian expat community