
ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ ചാംപ്യന്മാർ. ഫൈനലിൽ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വീണ്ടും ഏഷ്യൻ ചാംപ്യന്മാരായത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യൻ ഹോക്കിയുടെ ചാംപ്യന്മാരാകുന്നത്. കിരീട വിജയത്തോടെ 2026ൽ നടക്കുന്ന ലോകകപ്പ് ഹോക്കിക്കും ഇന്ത്യ യോഗ്യത നേടി.
ടൂർണമെന്റിലുടനീളമുള്ള മികച്ച പ്രകടനം ഫൈനലിലും തുടരാൻ ഇന്ത്യയ്ക്ക് സാധിച്ചു. കൊറിയൻ പ്രതിരോധത്തെ തകർത്തുള്ള മുന്നേറ്റമാണ് മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ സുഖ്ജീത് സിംഗ് നേടിയ ഗോളിലൂടെ മുന്നിലെത്തി. 28-ാം മിനിറ്റിലും 45-ാം മിനിറ്റിലും ദിൽപ്രീത് സിംഗിന്റെ ഇരട്ടഗോളുകൾ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
50-ാം മിനിറ്റിൽ അമിത് രോഹിദാസ് വഴിയാണ് ഇന്ത്യ നാലാം ഗോൾ നേടിയത്. പിന്നാലെ 51-ാം മിനിറ്റിൽ സൺ ഡെയിനിന്റെ ഗോളാണ് കൊറിയയ്ക്ക് ആശ്വാസമായത്. മുമ്പ് 2003, 2007, 2017 വർഷങ്ങളിലാണ് ഇന്ത്യ ഏഷ്യൻ ഹോക്കിയുടെ ചാംപ്യന്മാരായത്.
Content Highlights: India sealed their fourth Asia Cup also ensured spot in FIH 2026 World Cup