
ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിൻ ത്രോയിൽ തുടർച്ചയായ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് നിരാശ. പോരാട്ടം വെള്ളി മെഡലിൽ അവസാനിച്ചു. തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത ജർമ്മനിയുടെ ജൂലിയൻ വെബർ ജേതാവായപ്പോൾ ഇന്ത്യൻ പ്രതീക്ഷയായ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
രണ്ടാമത്തെ ശ്രമത്തിൽ 91.51 മീറ്റർ എറിഞ്ഞാണ് വെബർ ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിലും ജർമ്മൻ താരം (91.37) സീസണിലെ മികച്ച ദുരം കണ്ടെത്തിയിരുന്നു. നിലവിലെ ലോക ചാമ്പ്യനായ ചോപ്ര അവസാന ശ്രമത്തിലാണ് 85.01 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയത്. ട്രിനിഡാഡാ ആന്റ് ടുബാഗൊയുടെ കെഷോൺ വാൽക്കോട്ടിനാണ് (84.95) മൂന്നാം സ്ഥാനം.
Content Highlights: Diamond League; Weber wins gold with 90m throw; Neeraj Chopra wins silver