
കേരള ക്രിക്കറ്റ് ലീഗ് സീസണിൽ മികച്ച പ്രകടനവുമായി ശ്രദ്ധ നേടി കൊച്ചി ബ്ലൂടൈഗേഴ്സ് താരം വിനൂപ് മനോഹരൻ. കലാശപ്പോരിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ തകർപ്പൻ അർധ സെഞ്ച്വറിയാണ് വിനൂപ് മനോഹരൻ അടിച്ചുകൂട്ടിയത്. കേരള ക്രിക്കറ്റ് ലീഗ് സീസണിൽ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയരാനും വിനൂപിന് സാധിച്ചു.
നിലവിലെ ചാംപ്യന്മാർ കൂടിയായ കൊല്ലത്തിനെതിരെ കൊച്ചിക്ക് മികച്ച തുടക്കം സമ്മാനിച്ചത് വിനൂപിന്റെ തട്ടുപൊളിപ്പൻ ബാറ്റിങ്ങാണ്. ഫൈനലിൽ 30 പന്തിൽ നിന്ന് 70 റൺസാണ് വിനൂപ് അടിച്ചെടുത്തത്. നാല് സിക്സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു വിനൂപിന്റെ ബാറ്റിങ്. വെറും 20 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ താരം, കൊല്ലം സെയിലേഴ്സ് ബൗളർമാരെ നിർദയം പ്രഹരിച്ചു.
സീസണിൽ ആകെ 12 മത്സരങ്ങളിൽ നിന്ന് 414 റൺസാണ് വിനൂപ് നേടിയത്. മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെയാണ് ഈ നേട്ടം. ടൂർണമെന്റിൽ ആകെ 39 ഫോറുകളും 20 സിക്സറുകളും നേടി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്താനും വിനൂപിന് കഴിഞ്ഞു. 479 റൺസെടുത്ത ട്രിവാൻഡ്രത്തിന്റെ കൃഷ്ണ പ്രസാദും 437 റൺസെടുത്ത തൃശൂരിന്റെ അഹമ്മദ് ഇമ്രാനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. കൊച്ചി ബ്ലൂടൈഗേഴ്സിന്റെ മറ്റൊരു താരമായ സഞ്ജു സാംസൺ നാലാം സ്ഥാനത്താണ്. 368 റൺസാണ് കെസിഎൽ സീസണിൽ സഞ്ജുവിന്റെ സമ്പാദ്യം.
കഴിഞ്ഞ ഏഴ് വർഷമായി കേരള ക്രിക്കറ്റ് ടീമിന്റെ ഭാഗമായ വിനൂപ് ആലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പൾസിനായി കളിച്ചപ്പോൾ ആകെ 106 റൺസാണ് നേടിയത്. വലംകൈയ്യൻ ബാറ്ററായ താരം ഓഫ് സ്പിൻ ബൗളിംഗിലും മികവ് കാട്ടുന്ന താരമാണ്. 2011-12 ൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് കേരള ക്രിക്കറ്റിൽ വിനൂപ് കരിയറിന് തുടക്കം കുറിച്ചത്. നിലവിൽ സ്വാന്റൺസ് സി.സി.യും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെ വിവിധ ടീമുകൾക്കായി മികച്ച പ്രകടനങ്ങൾ വിനൂപ് കാഴ്ചവെയ്ക്കുന്നുണ്ട്. എസ്.ബി.ഐ ബാങ്ക് ജീവനക്കാരൻ കൂടിയാണ് വിനൂപ് മനോഹരൻ.
Content Highlights: Vinoop Manoharan has garnered attention with his excellent performance in KCL