
ജീവിതം മാറിമറിയാൻ നിമിഷങ്ങൾ മതി. ഹൈദരാബാദിൽ നിന്നുള്ള ഒരു 55കാരിയുടെ കഥ നമ്മുടെ കണ്ണുനയ്ക്കും ഒപ്പം ചുണ്ടിലൊരാശ്വാസ ചിരിയും വിടർത്തും. ഒരു സ്വകാര്യ കമ്പനിയിലെ ക്ലർക്കായിരുന്ന 55കാരിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് അവരെ ചികിത്സിച്ച വെല്ലൂരിലെ ഡോക്ടറായ സുധീർ കുമാർ എംഡി ഡിഎം എക്‌സിൽ പങ്കുവച്ചിരിക്കുന്നത്. അവരുടെ ഐഡന്റിന്റി വെളിപ്പെടുത്താൻ തയ്യാറാവാത്ത ഡോക്ടർ 55കാരിക്ക് നൽകിയ സാങ്കൽപിക നാമം വിജയലക്ഷ്മി എന്നാണ്.
പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോക്ടരുടെ മുന്നിൽ വിജയലക്ഷ്മി എത്തുമ്പോൾ, അവരുടെ ഇടത് കൈയും കാലും തളർന്നനിലയിലായിരുന്നു. ആഴ്ചകൾക്കുള്ളിൽ അവരുടെ ഭർത്താവും മരിച്ചു. ആകെയുള്ള മകൻ ഉപേക്ഷിച്ച് പോവുകയും ചെയ്തു. തന്റെ ഭാവിയാകെ ഇരുട്ടിലാകുമെന്ന് ഓർത്ത് വിഷമിക്കുന്ന ഘട്ടത്തിലാണ് ഡോക്ടരുടെ ചെറിയ സഹായം വിജയലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത്.
ഹൈപ്പർടെൻഷനും ഡയബറ്റിസും മൂലമാണ് വിജയലക്ഷ്മിക്ക് സ്‌ട്രോക്ക് വന്നത്. ഐസിയുവിൽ പ്രവശിക്കപ്പെട്ട അവർക്ക് മികച്ച ചികിത്സ തന്നെ നൽകി. ആശുപത്രിയിൽ നിന്നും വീൽചെയറിലാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. മടങ്ങുമ്പോൾ തന്റെ ഭാവി ഇനി എന്താകുമെന്ന ഭയം അവരുടെ കണ്ണുകളിൽ ഉള്ളതായി ഡോക്ടർ പറയുന്നു. ഇത്രയും കാലം സ്വയം അധ്വാനിച്ചാണ് അവർ ജീവിച്ചത്. ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ ഫിസിയോതെറാപ്പി ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ധൈര്യമായി മുന്നോട്ടു പോകേണ്ടതിനെ കുറിച്ചുമൊക്കെ അവരുമായി സംസാരിച്ചെങ്കിലും ആ ദൈ്യനത കണ്ണുകളിൽ നിറഞ്ഞ് നിന്നിരുന്നുവെന്ന് ഡോക്ടർ കുറിപ്പിൽ പറയുന്നു.
രണ്ടുമാസത്തിന് ശേഷം ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിൽ അവർ വീണ്ടും ആശുപത്രിയിലെത്തി. അപ്പോഴേക്കും അവർ ഒറ്റയ്ക്കായിരുന്നു. മദ്യപാനിയായ ഭർത്താവ് കരൾ രോഗത്തെ തുടർന്ന് മരിച്ചു. ആകെയുള്ള മകൻ എല്ലാ ബന്ധവും അവസാനിപ്പിച്ച് കുടുംബവുമായി മുംബൈയിലേക്ക് താമസം മാറ്റി. ജോലിയില്ലാതെ, ആരോഗ്യമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അവർ ആകെ തളർന്നു. അപ്പോഴാണ് ചികിത്സയല്ലാതെ അവരിൽ വിശ്വാസം അർപ്പിക്കുന്ന ആരെങ്കിലും അവർക്കൊപ്പം നിൽക്കണമെന്ന തോന്നൽ ഡോക്ടറിനുണ്ടായത്. വിജയലക്ഷ്മിയുടെ അവസ്ഥ മനസിലാക്കിയ ഡോക്ടർ അവരുടെ അപേക്ഷ മാനിച്ച് മുമ്പ് അവർ ജോലി ചെയ്തിരുന്നിടത്ത് നൽകാൻ ഒരു കത്ത് എഴുതി നല്‍കി. ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അവരുടെ പരിധിക്കുള്ളിൽ നിന്നും അധ്വാനിക്കാൻ ഒരു അവസരം നൽകണമെന്നും പകുതി ശമ്പളം നൽകിയാൽ മതിയെന്നും കത്തിൽ അദ്ദേഹം എഴുതി നൽകി. ആ കത്ത് അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു.
മൂന്ന് മാസത്തിന് ശേഷം അവർ തിരികെ വന്നത് വീൽ ചെയറിലായിരുന്നില്ല, രണ്ടുകാലുകളും കൊണ്ടും നടന്നായിരുന്നു. നടക്കുമ്പോൾ ചെറിയൊരു പ്രശ്‌നമുണ്ടെങ്കിലും അവർ സന്തോഷവതിയായിരുന്നു. അവർ ജോലിയിൽ തിരികെ കയറി. 75 ശതമാനം ശമ്പളം നൽകാൻ അവരുടെ കമ്പനി തയ്യാറായി. കുടുംബത്തെ ഓർത്തും മകന്റെ നിശബ്ദതയോർത്തും ദുഃഖമുണ്ടെങ്കിലും അവർക്ക് ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും അവർ തൃപ്തയായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. അന്ന് മടങ്ങുമ്പോൾ ഒരു ഷർട്ട് ഡോക്ടർക്ക് അവർ നൽകി. എല്ലാം നഷ്ടമായപ്പോഴും ദൈവം എന്റെ ജീവിതത്തിലേക്ക് നിങ്ങളെ അയച്ചല്ലോ എന്നാണ് അവർ പറഞ്ഞതെന്ന് ഡോക്ടർ കുറിപ്പിൽ പറയുന്നു. സാധാരണയായി ഇത്തരം സമ്മാനം ബന്ധുക്കൾക്കാണ് നൽകേണ്ടെത്, എന്നാൽ ഞാൻ നിങ്ങൾക്ക് തരികയാണെന്ന് അവർ പറഞ്ഞുവെന്ന് ഡോക്ടർ കുറിക്കുന്നു. ആദ്യം ഷ വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും അവരുടെ സന്തോഷം കണ്ടപ്പോൾ നിഷേധിക്കാൻ തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചികിത്സ മാത്രം പോരാ അവർക്കായി പ്രതീക്ഷ നൽകുന്ന എന്തെങ്കിലും ചെയ്യാൻ കൂടി കഴിയണമെന്ന് ഡോക്ടർ പറയുന്നു. ചെറിയ ചില കാര്യങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Content Highlights: A doctor recalls patients ordeal while she lost everything including fam and health