അതിവേഗം 100 ഗോള്‍; ബുണ്ടസ് ലിഗയില്‍ റെക്കോഡിട്ട് ഹാരി കെയ്ന്‍

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന താരമായാണ് ഹാരി കെയ്ന്‍ നേട്ടമിട്ടത്, 98 മത്സരങ്ങളില്‍നിന്നാണ് റെക്കോഡ് കുറിച്ചത്

അതിവേഗം 100 ഗോള്‍; ബുണ്ടസ് ലിഗയില്‍ റെക്കോഡിട്ട് ഹാരി കെയ്ന്‍
dot image

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ടിന്റെയും ബയേണ്‍ മ്യൂണിക്കിന്റെയും സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്ന്‍. യൂണിയന്‍ ബെര്‍ലിനെതിരായ മത്സരത്തിലാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക് യൂണിയന്‍ ബെര്‍ലിനെ തകര്‍ത്തത്. മത്സരത്തിന്റെ 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച കെയ്ന്‍, 54-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മികച്ച പ്രകടനം പുറത്തെടുത്ത മൈക്കല്‍ ഒലിസെയാണ് 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരം സ്വന്തമാക്കിയത്.

എഫ്.സി കൊളോണിനായി 129 മത്സരങ്ങളില്‍ നിന്ന് 100 ഗോളുകള്‍ തികച്ച മുന്‍ ജര്‍മ്മന്‍ താരം ഡീറ്റര്‍ മുള്ളറുടെ റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്. വെറും 98 മത്സരങ്ങളില്‍ നിന്നാണ് കെയ്ന്‍ നൂറ് ഗോളുകള്‍ തികച്ചത്. നേട്ടത്തെക്കുറിച്ച് മത്സരശേഷം സംസാരിച്ച ഹാരി കെയ്ന്‍ പറഞ്ഞത് ഇങ്ങനെ: 'ബുണ്ടസ്ലിഗയില്‍ 100 ഗോളുകള്‍ തികയ്ക്കാന്‍ സാധിച്ചതില്‍ ശരിക്കും വലിയ അഭിമാനമുണ്ട്. പ്രീമിയര്‍ ലീഗില്‍ ഞാന്‍ ഇത് നേരത്തെ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ലീഗിലും ഈ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. ഈ നേട്ടത്തിന് എന്റെ ടീം അംഗങ്ങളോട് വലിയ നന്ദി പറയുന്നു' -അദ്ദേഹം പറഞ്ഞു.

മത്സരത്തോടെ ബുണ്ടസ് ലിഗയിലെ കെയ്നിന്റെ ആകെ ഗോള്‍ നേട്ടം 101 ആയി ഉയര്‍ന്നു. ടോട്ടനം ഹോട്‌സ്പറുമായുള്ള നീണ്ട പ്രീമിയര്‍ ലീഗ് കരിയറിന് ശേഷം 2023-ലാണ് കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലെത്തുന്നത്. ക്ലബ്ബിനായി ഇതുവരെ രണ്ട് ബുണ്ടസ്ലിഗ കിരീടങ്ങളും രണ്ട് ജര്‍മന്‍ സൂപ്പര്‍ കപ്പുകളും ഒരു ജര്‍മന്‍ കപ്പും താരം നേടിയിട്ടുണ്ട്. എല്ലാ ടൂര്‍ണമെന്റുകളിലുമായി ബയേണിനായി കളിച്ച 154 മത്സരങ്ങളില്‍ നിന്ന് 152 ഗോളുകള്‍ കെയ്ന്‍ നേടിക്കഴിഞ്ഞു. 2026-ലെ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിനായുള്ള 30 അംഗ ചുരുക്കപ്പട്ടികയിലും കെയ്ന്‍ ഇടംപിടിച്ചിട്ടുണ്ട്. ബയേണിനൊപ്പം ബുണ്ടസ്ലിഗ, ജര്‍മ്മന്‍ കപ്പ്, ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് എന്നിവ നേടുകയും, ഇംഗ്ലണ്ടിനെ ഫിഫ ലോകകപ്പിന്റെ സെമിഫൈനല്‍ വരെ എത്തിക്കുകയും ചെയ്ത മിന്നുന്ന സീസണായിരുന്നു കെയ്നിന്റേത്. ആകെ 65 മത്സരങ്ങളില്‍ നിന്ന് 73 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് താരം കഴിഞ്ഞ സീസണില്‍ കുറിച്ചത്.

content highlights: Harry Kane Becomes Fastest to Score 100 Bundesliga Goals

dot image
To advertise here,contact us
dot image