

1951-ല്‍ ആരംഭിച്ചതുമുതല്‍ ലോക കായികരംഗത്തെ ഏറ്റവും വലിയ വേദികളിലൊന്നാണ് ഏഷ്യന്‍ ഗെയിംസ്. കായിക ലോകത്തെ ഇതിഹാസങ്ങള്‍ തങ്ങളുടെ പ്രാഭവം തെളിയിച്ചതും വളര്‍ന്നുവരുന്ന കഴിവുകള്‍ തങ്ങളുടെ കരിയറിലെ വന്‍ കുതിച്ചുചാട്ടത്തിന് തുടക്കമിട്ടതും ഈ ഏഷ്യന്‍ പോരാട്ടങ്ങളിലൂടെയാണ്. ഇന്ത്യയുടെ കായിക മേഖലയില്‍ മെഡലുകള്‍ക്കായുള്ള ആഗ്രഹവും പ്രതീക്ഷകളും എക്കാലത്തെക്കാളും ഉയര്‍ന്നുനില്‍ക്കുന്ന വേളയില്‍, ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് വലിയ പ്രാധാന്യമാണുള്ളത്. 2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിനും 2030-ല്‍ ഇന്ത്യ വേദിയാകുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനും മുന്നോടിയായുള്ള ഈ വന്‍കര പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ പ്രതീക്ഷകളെ പരിചയപ്പെടാം.
ഇഷാ സിങ് (ഷൂട്ടിങ്)
വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ഒന്നാം റാങ്കുകാരിയും 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക രണ്ടാം റാങ്കുകാരിയുമായ ഇഷാ സിങ് മികച്ച ഫോമിലാണ് ഏഷ്യന്‍ ഗെയിംസിലേക്ക് എത്തുന്നത്. മ്യൂണിച്ച്, ഹാങ്ഷൂ എന്നിവിടങ്ങളില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പുകളില്‍ 25 മീറ്റര്‍ പിസ്റ്റളില്‍ താരം സ്വര്‍ണം നേടിയിരുന്നു. മ്യൂണിച്ച് ഫൈനലില്‍ 43/50 എന്ന ലോക റെക്കോര്‍ഡ് സ്‌കോറോടെയായിരുന്നു നേട്ടം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണവും 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ വെള്ളിയും നേടി. മനു ഭേക്കര്‍, റിഥം സാങ്വാന്‍ എന്നിവര്‍ക്കൊപ്പം 25 മീറ്റര്‍ ടീം ഇനത്തിലും മനു, സുരുചി ഫോഗട്ട് എന്നിവര്‍ക്കൊപ്പം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും താരം സ്വര്‍ണം കൈക്കലാക്കി. 2023 ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്‌സഡ് ടീം സ്വര്‍ണ മെഡല്‍ ജേതാവു കൂടിയായ ഇഷ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയാണ്.
മീരാഭായ് ചാനു (വെയിറ്റ്ലിഫ്റ്റിങ്)
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡലുകളും, 2021 ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളിയും, 2017 ലോക ചാമ്പ്യന്‍ഷിപ്പില്‍ (48 കിലോഗ്രാം) സ്വര്‍ണവുമടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ വെയ്റ്റ്ലിഫ്റ്റിങ് താരം മീരാഭായ് ചാനുവിന്റെ ലക്ഷ്യം തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണ്. ഗ്ലാസ്‌ഗോയില്‍ നടന്ന 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാമില്‍ സ്വര്‍ണം നേടിയതിന്റെ ആത്മവിശ്വാസവും താരത്തിനുണ്ട്.
സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി (ബാഡ്മിന്റണ്‍)
ഈവര്‍ഷം സിംഗപ്പൂര്‍ ഓപ്പണ്‍, ചൈന മാസ്റ്റേഴ്‌സ് കിരീടങ്ങള്‍ നേടുകയും തായ്ലന്‍ഡ് ഓപ്പണില്‍ റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്ത ഇന്ത്യയുടെ മുന്‍നിര ബാഡ്മിന്റണ്‍ ജോഡിയായ സാത്വിക്-ചിരാഗ് മികച്ച ഫോമിലാണ്. ദക്ഷിണ കൊറിയയുടെ ചോയ് സോള്‍ ഗ്യു-കിം വോണ്‍ ഹോ സഖ്യത്തെ പരാജയപ്പെടുത്തി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചത് ഇവരായിരുന്നു. പരിക്കുകളെയും തിരിച്ചടികളെയും അതിജീവിച്ച് വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുന്ന ഈ സഖ്യം ബാഡ്മിന്റണില്‍ മെഡല്‍ ഉറപ്പിക്കുന്നവരില്‍ മുന്‍പന്തിയിലാണ്.
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം
ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം നിലവില്‍ മികച്ച ഫോമിലാണ്. ഈ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ട്വന്റി-20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീം, 2024-ലെ ലോകകപ്പ് വിജയത്തിന് ശേഷം ടി20 ഫോര്‍മാറ്റില്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നത്. 15-കാരനായ അത്ഭുതപ്രതിഭ വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന ശക്തമായ നിരയുള്ള ഇന്ത്യ സ്വര്‍ണ മെഡല്‍ നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമാണ്.
ഇന്ത്യന്‍ പുരുഷ ഹോക്കി ടീം
എഫ്.ഐ.എച്ച്. പുരുഷ ഹോക്കി ലോകകപ്പില്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ചരിത്രം വേറെത്തന്നെയാണ്. ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യ മെഡല്‍ പോഡിയത്തിന് പുറത്തുപോയിട്ടുള്ളത്. ഇത്തവണ സ്വര്‍ണം നിലനിര്‍ത്താന്‍ സാധിച്ചാല്‍ അത് ചരിത്രമാകും. മാത്രമല്ല, 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാനും ഇന്ത്യക്ക് സാധിക്കും.
ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (ബോക്‌സിങ്)
ഒളിമ്പിക്‌സ് വെങ്കലം, ഏഷ്യന്‍ ഗെയിംസ് വെള്ളി, 2026 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, 2023 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം തുടങ്ങി പങ്കെടുത്ത പ്രധാന വേദികളിലെല്ലാം മെഡല്‍ നേടിയ താരമാണ് 28 കാരിയായ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. വന്‍കിട ടൂര്‍ണമെന്റുകളിലെ പരിചയസമ്പത്ത് ലവ്‌ലിനയെ ബോക്‌സിംഗില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയാക്കുന്നു.
തേജീന്ദര്‍പാല്‍ സിങ് ടൂര്‍ (ഷോട്ട് പുട്ട്)
2018, 2022 പതിപ്പുകളില്‍ സ്വര്‍ണം നേടിയ തേജീന്ദര്‍പാല്‍ സിങ് ടൂറിന് 2026-ലും സ്വര്‍ണം നേടാനായാല്‍ അത് ഹാട്രിക് നേട്ടമാകും. ഏഷ്യന്‍ തലത്തില്‍ ഇതിനകം തന്നെ തന്റെ കരുത്ത് തെളിയിച്ച ദേശീയ റെക്കോര്‍ഡ് ഉടമയായ ടൂറിന് ഈ മെഡല്‍ 2028 ഒളിമ്പിക്‌സിന് മുന്നോടിയായുള്ള വലിയൊരു ആത്മവിശ്വാസമാകും.
ഗുരീന്ദര്‍വീര്‍ സിങ് (അത്ലറ്റിക്‌സ്)
പുരുഷന്മാരുടെ 100 മീറ്ററില്‍ നിലവിലെ ദേശീയ റെക്കോര്‍ഡ് ഉടമയായ (10.09 സെക്കന്‍ഡ്) ഗുരീന്ദര്‍വീറിനെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇതിഹാസ താരം മില്‍ഖാ സിങ്ങുമായാണ് പലരും താരതമ്യപ്പെടുത്തുന്നത്. പരിക്ക് കാരണം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (10.39 സെക്കന്‍ഡ് കുറിച്ചിട്ടും) മെഡല്‍ റൗണ്ടിലെത്താന്‍ സാധിച്ചില്ലെങ്കിലും, പഞ്ചാബില്‍ നിന്നുള്ള ഈ യുവ താരത്തെ തള്ളിക്കളയാനാകില്ല. പരിശീലന പങ്കാളിയും ദേശീയ റെക്കോര്‍ഡുകളില്‍ ഒപ്പത്തിനൊപ്പം പോരാടുകയും ചെയ്യുന്ന അനിമേഷ് കുജൂറുമായുള്ള ആരോഗ്യകരമായ മത്സരവും പ്രതീക്ഷിക്കാം.
സുജീത് കല്‍ക്കല്‍ (ഗുസ്തി)
ഗുസ്തിയില്‍ ഇന്ത്യക്കും ലോകത്തിനും മികച്ച താരങ്ങളെ സമ്മാനിച്ച പാരമ്പര്യമാണ് ഹരിയാനയ്ക്കുള്ളത്. ഫിറ്റ്‌നസ് ഡയറ്റുകളുടെ ഈ കാലത്തും 'ദേശി നെയ്യും ചൂര്മയും' കഴിച്ചു വളര്‍ന്ന പോരാളികളാണ് ലോകവേദികളില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക പാറിച്ചത്. 23-കാരനായ സുജീതും ആ പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കാം. ബിഷ്‌കെക്കില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ സുജീത്, 2026 ഏഷ്യന്‍ ഗെയിംസിലൂടെ തന്റെ കരിയറിലെ അടുത്ത വലിയ ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്.
അനാഹത് സിങ് (സ്‌ക്വാഷ്)
ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും ആവേശകരമായ യുവപ്രതിഭകളില്‍ ഒരാളാണ് ഈ കൗമാരക്കാരി. 2022 ഏഷ്യന്‍ ഗെയിംസിലെ രണ്ട് വെങ്കല മെഡല്‍ ജേതാവായ അനാഹത് നിലവില്‍ മികച്ച ഫോമിലാണ്. ജൂലൈയില്‍ നടന്ന വേള്‍ഡ് സ്‌ക്വാഷ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ താരം, കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായിരുന്ന ജോര്‍ജ്ജിന കെന്നഡിയെ തോല്‍പ്പിച്ച് സ്‌ക്വാഷ് ഓണ്‍ ഫയര്‍ ഓപ്പണ്‍ കിരീടവും സ്വന്തമാക്കി. ഇതോടൊപ്പം ജെ.എസ്.ഡബ്ല്യു ഇന്ത്യന്‍ ഓപ്പണ്‍ കിരീടവും നേടി. ലോക റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തെത്തിയ ഈ 18-കാരിയുടെ പ്രകടനം ഏറെ ഉറ്റുനോക്കപ്പെടുന്നുണ്ട്. 2028 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ സ്‌ക്വാഷ് അരങ്ങേറുന്നു എന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
content highlights: Japan Asian Games 2026: India's Top Medal Hopes