'ഫലമുള്ള മരത്തിലേ കല്ലെറിയൂ': വിനീഷ്യസ് ജൂനിയറിന് പൂര്‍ണ പിന്തുണയുമായി ഹോസെ മൗറീന്യോ

വിനീഷ്യസിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്ന് ഹോസെ മൗറീന്യോ

'ഫലമുള്ള മരത്തിലേ കല്ലെറിയൂ': വിനീഷ്യസ് ജൂനിയറിന് പൂര്‍ണ പിന്തുണയുമായി ഹോസെ മൗറീന്യോ
dot image

ഞായറാഴ്ച റായോ വയെക്കാനോയ്ക്കെതിരായ റയല്‍ മഡ്രിഡിന്റെ ഹോം മത്സരത്തിന് മുന്നോടിയായി, ആരാധകരുടെ വിമര്‍ശനങ്ങള്‍ നേരിടുന്ന മുന്നേറ്റതാരം വിനീഷ്യസ് ജൂനിയറിന് ശക്തമായ പിന്തുണയുമായി പരിശീലകന്‍ ഹോസെ മൗറീന്യോ. വിനീഷ്യസിന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നും 'കായ്ക്കുന്ന മരത്തിലേ ആളുകള്‍ കല്ലെറിയുകയുള്ളൂ' എന്നും മൗറീന്യോ പ്രതികരിച്ചു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെതിരായ 2-1ന്റെ വിജയത്തിനിടെ വിനീഷ്യസിനെ ഗ്രൗണ്ടില്‍നിന്ന് പിന്‍വലിച്ചപ്പോള്‍, ഗോളോ അസിസ്റ്റോ നേടാനായില്ല എന്ന കാരണത്താല്‍ കാണികളില്‍ ചിലര്‍ താരത്തിന് നേരെ കൂവി വിളിച്ചിരുന്നു. ഈ സീസണില്‍ ക്ലബ്ബിനായി കളിച്ച 5 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് ബ്രസീലിയന്‍ താരത്തിന് നേടാനായത്. 'പോര്‍ച്ചുഗീസില്‍ ഒരു പഴഞ്ചൊല്ലുണ്ട്, 'നിറയെ ഫലങ്ങളുള്ള മരങ്ങളിലേ ആളുകള്‍ കല്ലെറിയൂ'. വിനീഷ്യസ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ നേടിയ നേട്ടങ്ങളും, ജയിച്ച ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും, അടിച്ചുകൂട്ടിയ അനവധി ഗോളുകളും അവന്റെ മികവിനുള്ള തെളിവാണ്. അവന്‍ നിറയെ ഫലങ്ങളുള്ള ഒരു മരമാണ്. ആളുകള്‍ ആ ഫലങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കല്ലെറിയുന്നത്. വിനീഷ്യസിന്റെ ഏറ്റവും മികച്ച രൂപം വരാനിരിക്കുന്നതേയുള്ളൂ' -മൗറീന്യോ പറഞ്ഞു.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് പ്ലേ-ഓഫില്‍ ബെന്‍ഫിക്കയ്ക്കെതിരെ വിനീഷ്യസ് പുറത്തെടുത്ത മിന്നുന്ന പ്രകടനത്തെയും മൗറീന്യോ അനുസ്മരിച്ചു. ബെന്‍ഫിക്കയിലായിരുന്ന സമയത്താണ് താന്‍ അത് നേരിട്ട് കണ്ടതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ആരാധകരുടെ പിന്തുണ കളിക്കാര്‍ക്കും ടീമിനും അത്യാവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ച മൗറീന്യോ കൂട്ടിച്ചേര്‍ത്തു. 'ഏതെങ്കിലും കളിക്കാരന് നേരെ കാണികള്‍ കൂവി വിളിക്കുന്നത് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. എന്നാല്‍ ആരെയും കുറ്റപ്പെടുത്താനോ വിചാരണ ചെയ്യാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ അനുഭവസമ്പത്തില്‍ നിന്ന് പറയുകയാണെങ്കില്‍ റയല്‍ മഡ്രിഡില്‍ മാത്രമല്ല-ടീമും സ്റ്റേഡിയത്തിലെ ആരാധകരും തമ്മില്‍ നല്ലൊരു ബന്ധം രൂപപ്പെട്ടാല്‍ ആ ടീമിനെ തോല്‍പ്പിക്കുക അസാധ്യമാണ്. പക്ഷെ, ചില ഘട്ടങ്ങളില്‍ സ്വന്തം വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാ സ്റ്റേഡിയങ്ങളിലെയും കാണികള്‍ക്ക് അവകാശമുണ്ട്' -അദ്ദേഹം പറഞ്ഞു.

നേരത്തെ, ടീമിനായുള്ള പ്രതിരോധ ചുമതലകളുടെ പേരില്‍ വിമര്‍ശനം നേരിട്ട കിലിയന്‍ എംബാപ്പെയെയും മൗറീന്യോ പിന്തുണച്ചു. ഒരു സീസണില്‍ 40 ഗോളുകള്‍ നേടുന്ന താരം ടീമിന് ഒരിക്കലും ഒരു ഭാരമല്ലെന്ന എംബാപ്പെയുടെ പ്രസ്താവനയോട് മൗറീന്യോ യോജിച്ചു. ഈ സീസണില്‍ ഇതുവരെ കളിച്ച 5 മത്സരങ്ങളില്‍ നിന്ന് 5 ഗോളുകള്‍ എംബാപ്പെ നേടിയിട്ടുണ്ട്. 'കിലിയന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. ഓരോ സീസണിലും 40 ഗോളുകള്‍ അടിക്കുന്ന ഒരു കളിക്കാരന്‍ ടീമിന് ഒരു പ്രശ്‌നമേയല്ല. എംബാപ്പെയെയും നിറയെ ഫലങ്ങളുള്ള ഒരു മരമായി തന്നെയാണ് ഞാന്‍ കാണുന്നത്. പരിശീലകന്റെ നിര്‍ദ്ദേശപ്രകാരം മാര്‍ക്ക് കുകുറെയയെ സഹായിക്കാനായി 10 യാര്‍ഡ് ലൈന്‍ വരെ പിന്നോട്ടിറങ്ങി കളിക്കുന്ന എംബാപ്പെയെ ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം കളി ശൈലിയെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. മഡ്രിഡിനായി പരമാവധി നല്‍കുക എന്ന അതേ മനോഭാവവും പ്രതിബദ്ധതയും ഞങ്ങള്‍ പരസ്പരം പങ്കുവെക്കുന്നു. ആരാധകരെ സന്തോഷിപ്പിക്കാന്‍ സാധിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യും' -മൗറീന്യോ പറഞ്ഞു.

content highlights: "People Throw Stones at Fruit-Bearing Trees": José Mourinho Extends Full Support to Vinícius Júnior

dot image
To advertise here,contact us
dot image