ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍

വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി

ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍
dot image

2027-ലെ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്‍വലിച്ചു. ആഗോള ഫുട്‌ബോള്‍ ഭരണസമിതിയുടെ ഭരണസംവിധാനത്തില്‍ 'പരിഷ്‌കരണം' വേണമെന്ന് എഫ്എഫ്എഫ് ആവശ്യപ്പെട്ടു. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയുടെ ആവശ്യപ്രകാരം പാരീസില്‍ വ്യാഴാഴ്ച ചേര്‍ന്ന എഫ്എഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഐകകണ്‌ഠേന എടുത്തത്.

2027 മാര്‍ച്ച് 18-ന് മൊറോക്കോയിലെ റബാത്തിലാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഇന്‍ഫാന്റിനോയെ എഫ്എഫ്എഫ് പിന്തുണച്ചിരുന്നെങ്കിലും, തുടര്‍ന്ന് പിന്തുണ നല്‍കാനുള്ള സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. 'ജൂണ്‍ 29-ന് എഫ്എഫ്എഫ് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം, ഫിഫയുടെ ഭരണത്തെയും അതിന്റെ പ്രസിഡന്റിനെയും നേരിട്ട് ബാധിക്കുന്ന നിരവധി സംഭവങ്ങള്‍ ഉയര്‍ന്നുവന്നു. ഇത് സുതാര്യമായ ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും ഫുട്‌ബോളിന്റെ മൂല്യങ്ങള്‍ക്കും പൂര്‍ണ്ണമായും വിരുദ്ധമാണ്' -ഫെഡറേഷന്‍ വ്യക്തമാക്കി.

ലോകകപ്പ് സംപ്രേക്ഷണാവകാശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തുനിന്നുള്ള നിക്ഷേപകര്‍ക്ക് ഓഹരി സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന ഒരു വാണിജ്യ കമ്പനി രൂപീകരിക്കാന്‍ ഇന്‍ഫാന്റിനോ ജൂലൈ അവസാനം അവതരിപ്പിച്ച പദ്ധതിക്ക് പിന്നാലെയാണ് എഫ്എഫ്എഫിന്റെ ഈ നടപടി. ഫുട്‌ബോളിന്റെ ഭാവിയെ ബാധിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് പൂര്‍ണ്ണമായ വിവരങ്ങളും വിപുലമായ കൂടിയാലോചനകളും സുതാര്യമായ തീരുമാനമെടുക്കല്‍ പ്രക്രിയയും ആവശ്യമാണെന്ന് എഫ്എഫ്എഫ് പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ പറഞ്ഞു.

'ഫുട്‌ബോളിന്റെ ഭാവിയെ ഇത്രയധികം സ്വാധീനിക്കുന്ന ഒരു പദ്ധതി പൂര്‍ണ്ണമായ വിവരങ്ങളോ ആഴത്തിലുള്ള കൂടിയാലോചനകളോ പൂര്‍ണ്ണമായും സുതാര്യമായ തീരുമാനമെടുക്കല്‍ പ്രക്രിയയോ ഇല്ലാതെ പരിഗണിക്കാന്‍ കഴിയില്ല. ഫിഫയുടെ നിലവിലെ ഭരണരീതി ഫുട്‌ബോള്‍ പ്രതിനിധീകരിക്കുന്ന നിലവാരത്തിന് അനുയോജ്യമല്ല' -ഡിയാലോ പറഞ്ഞു. യുവേഫയും മറ്റ് കോണ്‍ഫെഡറേഷനുകളും ചേര്‍ന്നുള്ള ഏകോപിത ഇടപെടലിനെത്തുടര്‍ന്ന് നിര്‍ദ്ദിഷ്ട വാണിജ്യ പദ്ധതി പിന്നീട് ഉപേക്ഷിച്ചതായി എഫ്എഫ്എഫ് സമ്മതിച്ചു. എങ്കിലും ഫിഫയുടെ ഭരണപരമായ കാര്യങ്ങളിലുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിഫ നേതൃത്വത്തിന്റെ അടുത്തിടെയുള്ള ഇടപെടലുകള്‍ ഫുട്‌ബോളിന്റെ പ്രതിച്ഛായയെയും ഐക്യത്തെയും ബാധിച്ചതാണ് 2027-ലെ തിരഞ്ഞെടുപ്പില്‍ ഇന്‍ഫാന്റിനോയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ കാരണം.

Also Read:

കോണ്‍ഫെഡറേഷനുകള്‍, ദേശീയ ഫെഡറേഷനുകള്‍, കളിക്കാര്‍, ആരാധകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൂട്ടായ പരിശ്രമത്തിന് ആഹ്വാനം ചെയ്ത എഫ്എഫ്എഫ്, സുതാര്യത, വിശ്വാസ്യത, സ്വയംഭരണാധികാരം എന്നിവയിലൂന്നിയ പുതിയ ഭരണമാതൃക രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫിഫയുടെ ഘടന മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ഭരണരംഗത്ത് വൈദഗ്ധ്യമുള്ള ഫ്രഞ്ച്, അന്താരാഷ്ട്ര വ്യക്തിത്വങ്ങളുമായി കൂടിയാലോചനകള്‍ ആരംഭിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. ഫിഫയുടെ സ്ഥാപക അംഗങ്ങളിലൊന്നായ എഫ്എഫ്എഫ്, ലോക ഫുട്‌ബോളിന്റെ ഭാവി നിയന്ത്രണവും വികസനവും സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കാളികളാകാന്‍ ഉദ്ദേശിക്കുന്നതായി വ്യക്തമാക്കി.

'വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനും സുതാര്യത ശക്തിപ്പെടുത്തുന്നതിനും ലോക ഫുട്‌ബോള്‍ ഭരണസമിതിയുടെ സ്വയംഭരണാധികാരവും മാതൃകാപരമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനുമായി ഫിഫ ഭരണത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുകയാണ് ഈ കൂടിയാലോചനകളുടെ ലക്ഷ്യം' -ഫെഡറേഷന്‍ വ്യക്തമാക്കി.

content highlights: French Football Federation Withdraws Support for FIFA President Gianni Infantino

dot image
To advertise here,contact us
dot image