

ലോകകപ്പ് ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫയുടെ വിവാദ നീക്കത്തില്‍ പ്രതിഷേധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സീനിയര്‍ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്റോ രാജി വെച്ചു.
ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം കരാറാണെന്ന് കോര്‍ഡെയ്റോ പറഞ്ഞു. മുന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് വൈസ് ചെയര്‍മാനും യു എസ് സോക്കര്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു കോര്‍ഡെയ്റോ.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഇതിന്‍റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനും പദ്ധതിയുണ്ട്.
പദ്ധതി അംഗീകരിക്കുകയാണെങ്കിൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം നൽകുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഇത് അംഗീകരിക്കണമെന്നാണ് ഫിഫയുടെ നിലപാട്.
എന്നാൽ ഫിഫയുടെ ഈ നിലപാടിനെതിരെ വിമർശനം ഉയരുകയാണ്. വരാനിരിക്കുന്ന മുഴുവൻ ഫിഫ ടൂർണമെന്‍റുകളും ബഹിഷ്‌കരിക്കാൻ 55 അംഗ രാജ്യങ്ങളുള്ള യുവേഫ ഒറ്റക്കെട്ടായി തീരുമാനിച്ചതിന് പിന്നാലെ കോൺകാകാഫും രംഗത്തെത്തി.
ഫിഫയുടെ ഈ നിർദ്ദേശം വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകാകാഫിന് കീഴിലുള്ള 41 അംഗ രാജ്യങ്ങളും തള്ളുകയും ചെയ്തു.
Content highlights: fifa senior adviser carlos cordeiro resigns world cup private investment