

ലോകകപ്പ് ഉള്‍പ്പെടെയുള്ള വന്‍കിട ടൂര്‍ണമെന്റുകളുടെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ പിന്മാറിയ തീരുമാനത്തെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ. അതേസമയം, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ യുവേഫ രൂക്ഷമായി വിമര്‍ശിക്കുകയും ഫിഫയില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ലോകമെമ്പാടുമുള്ള കാല്‍പ്പന്തുകളിയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭൂരിഭാഗം ഫുട്‌ബോള്‍ ഫെഡറേഷനുകളും യുവേഫക്ക് കീഴിലുള്ള ദേശീയ അസോസിയേഷനുകളും ഫിഫയുടെ നടപടിയെ എതിര്‍ത്തിരുന്നു. 'ഫുട്‌ബോള്‍ വില്‍പനയ്ക്കുള്ളതല്ല' എന്ന് ഫിഫ പ്രസിഡന്റിനെ ഓര്‍മിപ്പിച്ചുകൊണ്ട് പദ്ധതിയെ എതിര്‍ത്ത ആരാധകര്‍, ലീഗുകള്‍, ക്ലബ്ബുകള്‍, കളിക്കാര്‍, വിവിധ ഭരണാധികാരികള്‍ എന്നിവര്‍ക്ക് യുവേഫ നന്ദി അറിയിച്ചു. 'രഹസ്യമായി തയാറാക്കുന്ന ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകാനാകില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കണം. കഴിഞ്ഞ കുറച്ചുകാലമായി ജിയാനി ഇന്‍ഫാന്റിനോയുടെ നേതൃത്വത്തിലുള്ള ഫിഫ ഭരണസമിതിക്ക് മേലുള്ള വിശ്വാസം യുവേഫയ്ക്കും മറ്റ് പല അംഗങ്ങള്‍ക്കും നഷ്ടപ്പെട്ടിരിക്കുകയാണ്,' -യുവേഫ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 2016-ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നല്‍കിയ സുതാര്യത ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്‍ഫാന്റിനോ പരാജയപ്പെട്ടുവെന്നും, സുതാര്യതയില്ലാത്ത പദ്ധതികളിലൂടെ ഫുട്‌ബോളിന്റെ ഭാവിയെ അപകടത്തിലാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും യുവേഫ ആരോപിച്ചു. നിലവില്‍ 500 കോടി ഡോളറിലധികം റിസര്‍വ് ഫണ്ട് കൈവശമുള്ള ഫിഫ, കളിയുടെ വികസനത്തിനായി ആ പണം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നും യുവേഫ വിമര്‍ശിച്ചു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മറ്റ് അസോസിയേഷനുകളുമായി ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും, ഫിഫയുടെ പണം 211 അംഗരാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കാനുള്ള പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കുമെന്നും യുവേഫ കൂട്ടിച്ചേര്‍ത്തു.
content highlights: FIFA Backs Down From World Cup Stakes Sale; UEFA Welcomes Decision