'ധാരാളം അനുഭവസമ്പത്തുണ്ട്'; ഇംഗ്ലണ്ട് നായകസ്ഥാനത്തേക്ക് തിരിച്ചെത്തി ജോ റൂട്ട്

ഹാരി ബ്രൂക്ക് ക്യാപ്റ്റനാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു

'ധാരാളം അനുഭവസമ്പത്തുണ്ട്'; ഇംഗ്ലണ്ട് നായകസ്ഥാനത്തേക്ക് തിരിച്ചെത്തി ജോ റൂട്ട്
dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ബെന്‍ സ്റ്റോക്‌സ് വിരമിച്ചതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ജോ റൂട്ട് തിരിച്ചെത്തുന്നു. ഹാരി ബ്രൂക്കിനെ നായകനാക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പരിചയസമ്പന്നനായ ജോ റൂട്ടിനെ തന്നെ വീണ്ടും ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

2022-ല്‍ അഞ്ച് വര്‍ഷത്തെ നായകത്വത്തിന് ശേഷം പദവി ഒഴിഞ്ഞ ജോ റൂട്ടിന്റെ രണ്ടാം ഊഴമാണിത്. ടീമിനെ വീണ്ടും നയിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മുന്‍കാല അനുഭവങ്ങള്‍ വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ തന്നെ സഹായിക്കുമെന്നും റൂട്ട് വ്യക്തമാക്കി. 'സ്വന്തം രാജ്യത്തെ നയിക്കാന്‍ അവസരം ലഭിക്കുന്നത് എപ്പോഴും വലിയൊരു കാര്യമാണ്. ഇത്തവണ നായകസ്ഥാനത്തേക്ക് എത്തുമ്പോള്‍ വലിയൊരു അനുഭവസമ്പത്ത് കൂടെയുണ്ട്. വിജയങ്ങളും പ്രയാസകരമായ ഘട്ടങ്ങളും നേരിട്ട് പരിചയമുള്ളതിനാല്‍ പുതിയ തുടക്കത്തില്‍ അത് സഹായകരമാകും,' ഇസിബിയുടെ ഔദ്യോഗിക വീഡിയോ സന്ദേശത്തില്‍ റൂട്ട് പറഞ്ഞു.

ഇംഗ്ലണ്ടിനായി 65 ടെസ്റ്റ് മത്സരങ്ങളില്‍ നായകനായിട്ടുള്ള റൂട്ട് 27 വിജയങ്ങള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. പുതിയ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗിന് കീഴില്‍ ഓഗസ്റ്റ് 19-ന് പാകിസ്താനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് റൂട്ട് വീണ്ടും ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ കുപ്പായമണിയുക.

content highlights: 'Has Plenty of Experience'; Joe Root Returns as England Captain

dot image
To advertise here,contact us
dot image