

പെട്രോളിൽ എഥനോൾ ചേർത്തില്ലായിരുന്നെങ്കില്‍ ഡൽഹിയിലെ പെട്രോൾ വില 125 രൂപ കടന്നേനെയെന്ന് കേന്ദ്രപെട്രോളിയം മന്ത്രാലയം. നിലവിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയാണ്. ക്രൂഡ് ഓയിൽ ബാരലിന് 135 ഡോളർ വരെ എത്തിയിരുന്ന സമയമുണ്ട്. എഥനോൾ ഇല്ലായിരുന്നുവെങ്കിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 കടന്നേനെ എന്നാണ് മന്ത്രാലയം പറഞ്ഞത്.
പെട്രോളിന്റെ വില കുറയ്ക്കുക എന്നതല്ല, ആഗോളതലത്തിലെ വിലക്കയറ്റത്തിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് എഥനോളിന്റെ ലക്ഷ്യമെന്നും മന്ത്രാലയം പറഞ്ഞു. ഊർജ സുരക്ഷ ഉണ്ടാകുക, എണ്ണ വാങ്ങുന്നത് കുറയ്ക്കുക എന്നതെല്ലാമാണ് ലക്ഷ്യം. എഥനോൾ കലർന്ന പെട്രോൾ ഒരു ഇൻഷുറൻസ് പോളിസി ആണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. എഥനോൾ കലർന്ന പെട്രോൾ വാഹനങ്ങൾക്കും എൻജിനും മറ്റും കേടുപാടുകൾ ഉണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഇത്തരത്തിലുള്ള വിശദീകരണം.
അതേസമയം, E20 പെട്രോള്‍ മൈലേജുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ കണക്കുകളില്‍ ഭിന്നത. ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകളിലാണ് വ്യത്യാസങ്ങള്‍. ഇന്ധനക്ഷമതയില്‍ രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെ കുറവുണ്ടായേക്കാം എന്നാണ് ഗതാഗത മന്ത്രാലയം ലോക്‌സഭയെ അറിയിച്ചത്. എന്നാല്‍ മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ മാത്രമായിരിക്കും കുറവ് എന്നാണ് പെട്രോളിയം മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കിയത്.
ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പഠനത്തെ ഉദ്ധരിച്ച് റോഡ് ഗതാഗത മന്ത്രാലയം വ്യാഴാഴ്ച ലോക്‌സഭയെ അറിയിച്ചത്, E10 പെട്രോളിനായി രൂപകൽപ്പന ചെയ്ത BS-III, BS-IV, BS-VI വാഹനങ്ങളുടെ ഇന്ധനക്ഷമത E20 യിലേക്കെത്തുമ്പോൾ 2-6% വരെ കുറയാൻ സാധ്യതയുണ്ട് എന്നാണ്. എന്നാൽ, ഏകദേശം 3-5% ആയിരിക്കും ഇന്ധനക്ഷമതയിലെ കുറവ് എന്നാണ് ജൂലൈ 20 ന് പെട്രോളിയം മന്ത്രാലയം രാജ്യസഭയെ അറിയിച്ചത്.
അതേസമയം, രാജ്യത്ത് E20 പെട്രോള്‍ പൂർണ്ണമായും സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയത്. ശാസ്ത്രീയ പഠനങ്ങളിലൂടെയും ലാബ്-ഫീല്‍ഡ് പരിശോധനകളിലൂടെയും ഇത് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വാഹന നിർമാതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് E20 പെട്രോൾ ഉപയോഗം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. നിർദേശിച്ചപ്രകാരം ഈ ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങൾക്ക് തികഞ്ഞ സുരക്ഷിതത്വം നൽകുമെന്നും മന്ത്രി ലോക്‌സഭയില്‍ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
വർഷങ്ങളോളം നീണ്ട പരിശോധനകൾക്കും വ്യവസായ വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് എഥനോൾ കലർന്ന ഇന്ധനം അവതരിപ്പിച്ചതെന്ന് സർക്കാർ ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചിരുന്നു. വിപുലമായ ശാസ്ത്രീയ പഠനങ്ങൾ, ഫീൽഡ് ട്രയലുകൾ, ലബോറട്ടറി പരിശോധനകൾ, വിദഗ്ധ ഏജൻസികളുടെ മൂല്യനിർണ്ണയം, ഓഹരി ഉടമകളുമായുള്ള കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷമാണ് എഥനോൾ ബ്ലെൻഡഡ് പെട്രോൾ (EBP) പദ്ധതി നടപ്പിലാക്കിയതെന്നായിരുന്നു കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ എഴുതിനൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.
അതേസമയം, ഇ20ക്കെതിരെ ഇന്ത്യാഗേറ്റിൽ നിന്ന് പാർലമെൻറിന് സമീപത്തേക്ക് ടീം ഭാരതിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന മാർച്ചിന് പൊലീസ് അനുമതി നൽകിയില്ല. ആക്ടിവിസ്റ്റും സംരംഭകനുമായ തെഹ്സീൻ പൂനെവാലയുടെ നേതൃത്വത്തിലാണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ റദ്ദാക്കിയിരുന്നു.
Content Highlights: The Central Government says petrol prices in Delhi would have crossed ₹125 per litre without ethanol blending, highlighting its impact on fuel costs amid global crude oil price fluctuations.