

ബ്രസീലിനെ തകർത്തെറിഞ്ഞ് നോർവേ ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിയത് എർലിങ് ഹാളണ്ട് എന്ന ഗോൾ മെഷീനിന്റെ മികവിലായിരുന്നു. ഹാളണ്ടിന്റെ ഇരട്ടഗോൾ മികവിലാണ് നോർവേ കാനറികളെ കീഴടക്കുന്നത്.
ലോകഫുട്‌ബോളിലെ സൂപ്പർ സ്‌ട്രൈക്കറായി ഇതിനോടകം തന്നെ മാറിയ ഹാളണ്ട് ലോകകപ്പിലും ഞെട്ടിക്കുകയാണ്. ഇതിനകം ഏഴ് ഗോളുകൾ ഈ ലോകകപ്പിൽ നേടി. നിലവിൽ എംബാപ്പ, മെസ്സി എന്നിവർക്കൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടത്തിലും ഒപ്പത്തിനൊപ്പമുണ്ട്.
ഇതേ ഹാളണ്ട് ഇന്ത്യയ്ക്കെതിരെയും കളിച്ചിട്ടുണ്ട്. ജൂനിയർ തലത്തിലായിരുന്നു ആ പോരാട്ടം. 2016 ജൂണിലാണ് ഇന്ത്യയുടെ അണ്ടർ-17 ടീം നോർവേയുടെ അണ്ടർ-16 ടീമുമായി ഏറ്റുമുട്ടിയത്. അന്ന് നോർവേയുടെ സംഘത്തിൽ ഹാളണ്ടുണ്ടായിരുന്നു. 2017 ൽ നടക്കുന്ന ഫിഫ അണ്ടർ-17 ലോകകപ്പിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു മത്സരം.
അന്ന് രണ്ടാം പകുതിയിൽ പത്ത് പേരുമായി ചുരുങ്ങിയ ഇന്ത്യൻ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നോർവേ പരാജയപ്പെടുത്തിയത്. മത്സരത്തിൽ എർലിങ് ഹാലാൻഡ് ഒരു ഗോളും നേടിയിരുന്നു.
Content highlights:haland played against india in 2016 , Norway U-16 vs. India U-17