

സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കിയ സിനിമയാണ് കറുപ്പ്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. 300 കോടിയ്ക്കും മുകളിൽ സിനിമ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താൻ തമിഴിൽ അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകണ്ടെന്ന് പണ്ട് ജഗതി ചേട്ടന്‍ പറയുമായിരുന്നുവെന്ന് ഇന്ദ്രൻസ് പറയുന്നു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ആ കേഥ കേട്ടപ്പോള്‍ തന്നെ എനിക്ക് പേടിയുണ്ടായിരുന്നു. മലയാളം കൈകാര്യം ചെയ്യുന്നത് പോലല്ല. മുമ്പ് ജഗതിച്ചേട്ടന്‍ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം തമിഴ്‌നാട്ടില്‍ കുറേക്കാലം ഉണ്ടായിരുന്നല്ലോ. തമിഴില്‍ നിന്നും സിനിമ വരുമ്പോള്‍ ജഗതി ചേട്ടന്‍ പോകില്ല. എടാ നമ്മള്‍ ഇവിടെ മലയാളം സിനിമ വിട്ടിട്ട് വേണം അവിടെ പോകാന്‍. ഇവിടെ പടമില്ലെങ്കില്‍ കുഴപ്പമില്ല. എങ്കിലും നമ്മുടെ ഭാഷയല്ലെങ്കില്‍ തൊടരുത്. കാരണം തമിഴ് തായ്‌മൊഴിയാണ്. വളരെ പവിത്രമായ ഭാഷയാണ്. നമ്മള്‍ അതിനെ കെടുത്താന്‍ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്,' ഇന്ദ്രന്‍സ് പറയുന്നു.
'ബാലാജി സാര്‍ വിളിച്ചിട്ട് ചേട്ടന്‍ ടെന്‍ഷനടിക്കണ്ട ഇത് മലയാളി കഥാപാത്രമാണെന്ന് പറഞ്ഞു. ചേട്ടന്‍ മലയാളത്തില്‍ തന്നെ ചെയ്താല്‍ മതി, എഴുതുമ്പോള്‍ ഞാന്‍ മനസില്‍ കണ്ടു പോയി എന്നൊക്കെ പറഞ്ഞു. ചെന്നപ്പോള്‍ എനിക്ക് വളരെ ഇഷ്ടമായി. സംവിധായകന്‍ എപ്പോഴും തമാശയൊക്കെ പറഞ്ഞ് സെറ്റ് ഉണര്‍ത്തി നിര്‍ത്തുന്ന ആളാണ്',ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

340 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. 2026ൽ തമിഴ്‌നാട്ടിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ കറുപ്പ്. 13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങി മലയാളികളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
Content Highlights: Veteran Malayalam actor Indrans has shared that he missed opportunities in Tamil cinema because he was influenced by advice from Jagathy Sreekumar. Speaking candidly, Indrans said he was afraid of Jagathy Chettan's words and chose not to pursue Tamil film offers, a decision he now reflects on with honesty.