ലോകകപ്പിന് 43 നാള്‍; ഇന്ത്യയില്‍ ആശങ്ക, ലോകകപ്പിന് മുമ്പ് തീരുമാനമാകില്ലേയെന്ന് ഫുട്‌ബോള്‍ പ്രേമികളുടെ ചോദ്യം

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ കിക്കോഫ് ജൂണ്‍ 11ന്

ലോകകപ്പിന് 43 നാള്‍; ഇന്ത്യയില്‍ ആശങ്ക, ലോകകപ്പിന് മുമ്പ് തീരുമാനമാകില്ലേയെന്ന് ഫുട്‌ബോള്‍ പ്രേമികളുടെ ചോദ്യം
dot image

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് എണ്ണപ്പെട്ട നാളുകള്‍ മാത്രമാണുള്ളത്. 43 ദിവസം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളില്‍ ഒരേയൊരു ആശങ്കയാണ് ബാക്കി, തത്സമയം കളി കാണാന്‍ പറ്റില്ലേയെന്ന്. ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശം ഇതുവരെ ആരും എടുത്തിട്ടില്ല. സംപ്രേഷണാവകാശം ഇതുവരെ വിറ്റുപോകാത്തതാണ് പ്രതിസന്ധി. സോണി, ജിയോ സ്റ്റാര്‍ തുടങ്ങിയവര്‍ സംപ്രേഷണാവകാശത്തിനായി വന്‍തുക മുടക്കാന്‍ തയ്യാറാകാത്തതോടെ ദൂരദര്‍ശന്‍, യൂട്യൂബ് തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളാണ് ഫിഫ തേടുന്നത്.

ഏകദേശം 574 കോടി രൂപയ്ക്കാണ് 2022 ഖത്തര്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശം വയാകോം 18 സ്വന്തമാക്കിയത്. രാജ്യത്താകെ 16.7 കോടി ആളുകള്‍ ടെലിവിഷനിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും 2022 ലോകകപ്പ് കണ്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ 2026, 2030 ലോകകപ്പുകള്‍ ഉള്‍പ്പെടുത്തി 10 കോടി ഡോളറാണ് സംപ്രേഷണാവകാശത്തിനായി ഫിഫ ആവശ്യപ്പെട്ടത്. എന്നാല്‍ ആരും താല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെ 6.5 കോടിയിലേക്കും പിന്നീട് 3.5 കോടിയിലേക്കും വരെ താഴ്ത്തി. എന്നിട്ടും പ്രധാന കമ്പനികളൊന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ല. വയാകോം 18, സ്റ്റാര്‍ ഇന്ത്യ കമ്പനികള്‍ ലയിച്ച് ജിയോസ്റ്റാര്‍ ആയതോടെ വിപണിയിലെ മത്സരം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.

അതേസമയം, ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദൂരദര്‍ശന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാകുമോ എന്നതാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. സ്വന്തം ഫീഡ് ഉപയോഗിച്ച് യൂട്യൂബിലൂടെ മത്സരങ്ങള്‍ തത്സമയം കാണിക്കാനുള്ള ശ്രമവും ഫിഫയ്ക്കുണ്ട്. ഏതായാലും ഇന്ത്യയില്‍ മത്സരങ്ങള്‍ കാണിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ഫിഫ. ഇന്ത്യയിലെ ഫുട്‌ബോള്‍ വിപണി സാധ്യത കണ്ടുതന്നെയാണ് ഫിഫയുടെ ഇടപെടല്‍. ലോകകപ്പിന് മുമ്പ് സംപ്രേഷണ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

content highlights: Countdown to World Cup: 43 days left, but will India secure a broadcaster

dot image
To advertise here,contact us
dot image