ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി; ഓവര്‍ലോഡ് വരുമ്പോള്‍ ട്രിപ് ആവുന്നതാണെന്ന് വിശദീകരണം

ഉല്‍പാദനരംഗത്ത് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ലെന്നും മുന്‍കൂട്ടി കണ്ട് തന്നെയാണ് പ്രവര്‍ത്തനം നടത്തിയതെന്നും കെ കൃഷ്ണന്‍കുട്ടി

ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി; ഓവര്‍ലോഡ് വരുമ്പോള്‍ ട്രിപ് ആവുന്നതാണെന്ന് വിശദീകരണം
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഓവര്‍ലോഡ് വരുമ്പോള്‍ ട്രിപ് ആവുന്നതാണെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാമാറ്റം ആണ് പ്രതിസന്ധിക്ക് കാരണമെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഉഷ്ണതരംഗം ആരും പ്രതീക്ഷിക്കാതെ വന്നതാണെന്നും പശ്ചിമേഷ്യന്‍ യുദ്ധവും തിരിച്ചടിയായെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈദ്യുതി വാഹനം കൂടിയതും തിരിച്ചടിയായെന്ന് മന്ത്രി പറഞ്ഞു. ഉല്‍പാദനരംഗത്ത് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ലെന്നും മുന്‍കൂട്ടി കണ്ട് തന്നെയാണ് പ്രവര്‍ത്തനം നടത്തിയതെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്നാണ് യോഗത്തില്‍ ആലോചിച്ചത്. റെഗുലേറ്ററി കമ്മീഷനോട് പലതും സംസാരിച്ചെന്നും റെഗുലേറ്ററി കമ്മീഷനോടുള്ള വിമര്‍ശനം പറയേണ്ട വേദിയില്‍ പറയുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അത് പുറത്ത് പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി ലഭിച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ ആവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ലോഡ് ഷെഡിങ്ങ് അല്ല ഉള്ളതെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

'പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് വന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടി. പാചകം വൈദ്യുത ഉപകരണങ്ങളില്‍ ആക്കി. വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമാണ്. വൈദ്യുതി വാങ്ങാന്‍ കിട്ടാനില്ല. ഇന്ന് 200 മെഗാവാട്ട് കിട്ടാന്‍ സാധ്യത ഉണ്ടെന്നു പറയുന്നു', കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

Content Highlights: Electricity minister K Krishnankutty says there is no load shedding in Kerala

dot image
To advertise here,contact us
dot image