ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോള്‍മഴ; ആദ്യപാദ സെമിഫൈനലില്‍ ബയേണിനെ തകര്‍ത്ത് പിഎസ്ജി

ഇരുടീമുകളും നിശ്ചിത സമയത്തിനകം അടിച്ചുകൂട്ടിയത് ഒമ്പത് ഗോളുകള്‍

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോള്‍മഴ; ആദ്യപാദ സെമിഫൈനലില്‍ ബയേണിനെ തകര്‍ത്ത് പിഎസ്ജി
dot image

പാരീസിലെ പാര്‍ക് ദി പ്രിന്‍സസിലെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ഗോള്‍പെരുമഴയുടെ ദിവസമായിരുന്നു. ആവേശം അലയടിച്ച മത്സരം. ക്വിച്ച കവരത് സ്‌കെലിയയും ഒസുമാനെ ഡെംബലയും ഇരട്ടഗോളടിച്ച മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പിഎസ്ജി തോല്‍പ്പിച്ചത് നാലിനെതിരെ അഞ്ചുഗോളിന്.

17-ാം മിനിറ്റില്‍ ഹാരി കെയ്‌ന്റെ പെനാല്‍ട്ടി ഗോളിലൂടെയാണ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍വെച്ചത്. എന്നാല്‍ ഏഴുമിനിറ്റ് തികഞ്ഞപ്പോഴേക്കും പാരീസുകാര്‍ നാട്ടിലെ മത്സരത്തിലേക്ക് ശരവേഗം തിരിച്ചെത്തി. ക്വിച്ച കവരത് സ്‌കെലിയയുടെ ഗോളിലാണ് 24-ാം മിനിറ്റില്‍ പിഎസ്ജി സമനില കണ്ടെത്തിയത്.

ഏറെനേരം കഴിഞ്ഞില്ല. 33-ാം മിനിറ്റില്‍ ജാവോ നെവസും ഗോളടിച്ചതോടെ പാരീസുകാര്‍ ഒന്നിനെതിരെ രണ്ടുഗോളിന് മുന്നിലെത്തി. ഗാലറിയില്‍ ആരവം പാരമ്യത്തിലെത്തവേ 41-ാം മിനിറ്റില്‍ ബയേണിന്റെ അടുത്തഗോളെത്തി. പാരീസ് സെയ്ന്റ് ജര്‍മന്‍ ആരാധരെ നിശ്ശബ്ദരാക്കിക്കൊണ്ട് മൈക്കല്‍ ഒലിസിന്റെ വകയായിരുന്നു ബയേണിനുവേണ്ടിയുള്ള ആ ഗോള്‍. പക്ഷെ, വലയിലേക്ക് വീണ്ടും ഗോളെത്തിയതോടെ പിഎസ്ജി കരുത്തോടെ, കരുതലോടെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ഒസുമാന്‍ ഡെംബലയുടെ ഇഞ്ചുറി ടൈം ഗോളില്‍ ഒന്നാംപകുതി വരുതിയിലാക്കിയാണ് പാരീസുകാര്‍ മടങ്ങിയത്.

ത്രില്ലര്‍ പോരാട്ടത്തിന്റെ രണ്ടാംപകുതിയും സംഭവ ബഹുലം. 56-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചാണ് ക്വിച്ച കവരത് സ്‌കെലിയ പാരീസുകാര്‍ക്ക് ആവേശമായത്. രണ്ടുമിനിറ്റിനകം ഒസുമാനെ ഡെംബലയും ഗോളടിച്ചതോടെ പാരീസ് ലീഡുയര്‍ത്തി (5-2). ബയേണ്‍ ജീവന്‍വെച്ച് കളിച്ചത് ഇവിടെനിന്നങ്ങോട്ടാണ്. സമനിലയെങ്കിലുമാക്കാനാനുള്ള വേഗവും താളവും ബയേണിന്റെ ഓരോ നീക്കങ്ങളിലും കണ്ടു.

ദയോട്ട് ഉപമെക്കാനോ 65-ാം മിനിറ്റില്‍ ഗോളടിച്ചതോടെ പാരീസുകാര്‍ക്ക് ഷോക്കായി. 68-ാം മിനിറ്റില്‍ ലുയിസ് ഡയസ് കൂടി ഗോളടിച്ചത് പിഎസ്ജിക്ക് കനത്ത പ്രഹരമായി. എന്നാല്‍ പിന്നീട് ഒരൊറ്റ ഗോളും സ്‌കോര്‍ ചെയ്യാനാകാത്തത് ബയേണിനെ തോല്‍വിയിലേക്ക് നയിച്ചു. ബയേണിന്റെ ഓരോ മുന്നേറ്റങ്ങളുടെയും മുനയൊടിച്ച് പാരീസ് സെയ്ന്റ് ജര്‍മന്‍ കളിയെ വരുതിയിലാക്കി. അഷ്‌റഫ് ഹക്കീമിയും മാര്‍കിന്യോ, വില്യന്‍ പാച്ചോ തുടങ്ങിയവരാണ് പിഎസ്ജിയുടെ പ്രതിരോധ ഭടന്മാരായത്. മേയ് ആറിന് രാത്രി 12.30ന് മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് രണ്ടാംപാദ മത്സരം.

content highlights: UCL Thriller: PSG Crushes Bayern in First-Leg Semifinal

dot image
To advertise here,contact us
dot image