

ഫുട്‌ബോള്‍ ലോകകപ്പിന് മുമ്പേ ബ്രസീലിന് കനത്ത തിരിച്ചടി. ബ്രസീലിന്റെ പ്രതിരോധക്കോട്ടയുടെ കാവല്‍ഭടനേറ്റ പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. വെറും ഒന്നരമാസത്തോളമാണ് ഇനി ലോകകപ്പിനുള്ളത്. അമേരിക്കയിലേക്ക് പറക്കുന്ന ബ്രസീല്‍ സംഘത്തില്‍ താരം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം എഡര്‍ മിലിറ്റാവോയാണ് പരിക്ക് കാരണം ചികിത്സയിലേക്ക് പോകുന്നത്.
ബ്രസീലിനുവേണ്ടി 38 മത്സരങ്ങള്‍ കളിച്ച താരത്തിന് റയല്‍ മഡ്രിഡിനുവേണ്ടി സ്പാനിഷ് ലാലിഗ കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അലാവസിനെതിരായ മത്സരത്തിനിടെയാണ് കാല്‍ത്തുടയ്ക്ക് പരിക്കേറ്റത്. പിന്നാലെ ഗ്രൗണ്ട് വിട്ട താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും രണ്ടുമാസത്തോളം വിശ്രമം വേണമെന്നും വിവരമുണ്ട്. ഇതോടെ താരത്തിന്റെ ലോകകപ്പ് സാധ്യതയും അടഞ്ഞു.
എന്നാല്‍ ശസ്ത്രക്രിയ ഇല്ലാതെ വിശ്രമം മാത്രം മതിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഇത് പക്ഷെ, പരിക്ക് വീണ്ടും വരാനിടയാക്കുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാലും ഏറെക്കാലം വിശ്രമം വേണ്ടിവരുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ഡിസംബറില്‍ മിലിറ്റാവോയ്ക്ക് ഇതേ പരിക്കേറ്റിരുന്നു. ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. ശസ്ത്രക്രിയയുടെ കാര്യത്തില്‍ തിങ്കളാഴ്ച മെഡിക്കല്‍ സംഘം അന്തിമ തീരുമാനമെടുക്കും.
മിലിറ്റാവോ പരിക്കേറ്റ് പുറത്താകുന്നത് ബ്രസീലിന് കനത്ത തിരിച്ചടിയാകും. സമീപ കാലങ്ങളില്‍ ഒട്ടേറെതവണ പരിക്കേറ്റ മിലിറ്റാവോയ്ക്ക് ദേശീയ മത്സരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചുതവണ ലോക ജേതാക്കളായ ബ്രസീല്‍ ഈവര്‍ഷം ലോകകപ്പില്‍ സ്വപ്‌നതുല്യമായ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടിയാകും.
content highlights: World Cup heartbreak for Brazil: Star defender to miss out due to injury