

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പൂട്ടാന്‍ എസ്‌ഐടി. തന്ത്രിയുടെ കൈപ്പട പരിശോധിക്കാനാണ് നീക്കം. ഇതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി അപേക്ഷ നല്‍കി.
ദ്വാരപാലക പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ അനുമതി നല്‍കിയതിലാണ് പരിശോധന. തന്ത്രി ഇക്കാര്യം സ്വന്തം കൈപ്പടയിലാണ് എഴുതി നല്‍കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ജയിലിലെത്തി കൈയക്ഷരം പരിശോധിക്കാനാണ് നീക്കം. അനുമതി ലഭിച്ചാലുടന്‍ സാമ്പിള്‍ ശേഖരിക്കും.
സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്‌ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു. ദ്വാരപാലക പാളികളും കട്ടിള പാളികളും കടത്തിയതിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. രണ്ട് തവണ പാളികൾ കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടെന്നും തന്ത്രിക്ക് പ്രതികളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തി.
തന്ത്രിക്ക് മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ മുതൽ നേരിട്ട് കൈകാര്യം ചെയ്ത ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയ എല്ലാ പ്രതികളുമായും തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക പാളികൾ കൊണ്ടു പോകുമ്പോഴും കട്ടിളപ്പാളി കൊണ്ടുപോകുമ്പോഴും തന്ത്രി ഇടപെട്ടിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തി.
അതേസഭയിൽ, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ വ്യക്തമാക്കി. വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദേശം ഉണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം സഭയില്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദുരിതാശ്വാസ നിധിയില്‍ തുക വിതരണത്തെ കുറിച്ചും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. 2011-16 കാലത്ത് ഉത്തരവായിട്ടും 29930 അപേക്ഷകള്‍ നല്‍കിയില്ല. 2016ല്‍ വന്ന സര്‍ക്കാരാണ് അതില്‍ 36 കോടി രൂപ അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: sit to examine handwriting of tantri kandhararu rajeevaru in sabarimala gold case