

യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്സ്പറിനെ തോൽപ്പിച്ച് പി എസ് ജി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിറ്റിഞ്ഞയുടെ ഹാട്രിക്ക് മികവിലാണ് ഫ്രഞ്ച് ടീം ഇംഗ്ലീഷ് ടീമിനെ മൂന്നിനെതിരെ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചത്.
35-ാം മിനിറ്റിൽ റിച്ചാർലിസനിലൂടെ ടോട്ടനമാണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് 45-ാം മിനിറ്റിൽ വിറ്റിഞ്ഞയിലൂടെ പാരീസ് മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റിൽ കൊലോ മുആനിയിലൂടെ ടോട്ടനം മുൻതൂക്കം തിരിച്ചു പിടിച്ചു.
എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ വിറ്റിഞ്ഞ വീണ്ടും പി എസ് ജിയെ ഒപ്പമെത്തിച്ചു. 59-ാം മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ ഗോളിൽ പി എസ് ജി മുന്നിലെത്തി. തുടർന്ന് 65 -ാം മിനിറ്റിൽ വില്യൻ പാച്ചോ കൂടി ഗോൾ നേടിയതോടെ പി എസ് ജി ജയം ഉറപ്പിച്ചു.
72-ാം മിനിറ്റിൽ കൊലോ മുആനി തന്റെ രണ്ടാം ഗോളിലൂടെ ടോട്ടനത്തിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 76 -ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ വിറ്റിഞ്ഞ പാരീസ് ജയം പൂർത്തിയാക്കി. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ പാരീസ് രണ്ടാമതും ടോട്ടനം 16 -ാം സ്ഥാനത്തുമാണ്.
Content Highlights:psg vs tottenham, hatrick for vitinha