സൂപ്പർ ലീ​ഗ് കേരള; തൃശൂർ മാജിക് എഫ്സിക്ക് സെമി ഫൈനൽ ടിക്കറ്റ്

നേരത്തെ പുറത്തായി കഴിഞ്ഞ കൊച്ചിക്ക് ഒൻപത് കളികളിൽ മൂന്ന് പോയന്റ് മാത്രം.

സൂപ്പർ ലീ​ഗ് കേരള; തൃശൂർ മാജിക് എഫ്സിക്ക് സെമി ഫൈനൽ ടിക്കറ്റ്
dot image

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ മാജിക് എഫ്സിക്കും സെമി ഫൈനൽ ടിക്കറ്റ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കാലിക്കറ്റ്‌ എഫ്സിക്ക് പിന്നാലെ തൃശൂർ മാജിക് എഫ്സിയും സെമിയിൽ കടന്നത്. ആദ്യപകുതിയിൽ കെവിൻ ജാവിയറാണ് നിർണായക ഗോൾ നേടിയത്. ഒൻപത് കളികളിൽ അഞ്ച് ജയവും രണ്ട് സമനിലയുമായി 17 പോയന്റാണ് തൃശൂരിനുള്ളത്. നേരത്തെ പുറത്തായി കഴിഞ്ഞ കൊച്ചിക്ക് ഒൻപത് കളികളിൽ മൂന്ന് പോയന്റ് മാത്രം.

ഇരുപതാം മിനിറ്റിൽ തൃശൂരിന്റെ ഫ്രാൻസിസ് അഡോ തൊടുത്തുവിട്ട ഇടങ്കാൽ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ഇരുപത്തിയേഴാം മിനിറ്റിൽ തൃശൂർ ഗോൾ നേടി. ഇവാൻ മാർക്കോവിച്ചിന്റെ പാസ് ഗോളാക്കി മാറ്റിയത് കൊളമ്പിയക്കാരൻ കെവിൻ ജാവിയർ (1-0). ഏഴ് മിനിറ്റിനകം കൊച്ചിയുടെ എൻറിക് ലോപ്പാസിനെ ഫൗൾ ചെയ്ത കെവിൻ ജാവിയർ മഞ്ഞക്കാർഡ് കണ്ടു. ആദ്യ പകുതി അവസാനിക്കാനിരിക്കെ നിജോ ഗിൽബർട്ടിനെ ചവിട്ടി വീഴ്ത്തിയ തൃശൂരിന്റെ ബിബിൻ അജയന് നേരെയും റഫറി മഞ്ഞക്കാർഡ് ഉയർത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊച്ചി ക്യാപ്റ്റൻ അറ്റ്മാനേ നൽകിയ ലോങ് പാസ് സ്വീകരിച്ച് ശ്രീരാജ് നടത്തിയ ഗോൾ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. അൻപത്തിയേഴാം മിനിറ്റിൽ തൃശൂർ അഫ്സൽ, എസ് കെ ഫയാസ് എന്നിവർക്ക് അവസരം നൽകി.

അറുപതാം മിനിറ്റിൽ കൊച്ചിക്ക് സുവർണാവസരം. അമോസ് നൽകിയ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ നിജോ ഗിൽബർട്ട് നഷ്ടമാക്കി. എഴുപത്തിയഞ്ചാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാൻ ലഭിച്ച അവസരം അഫ്സലിന് മുതലാക്കാനായില്ല. തൊട്ടു പിന്നാലെ കൊച്ചി നായകൻ അറ്റ്മാനേയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ തൃശൂർ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. 5572 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി.

വെള്ളിയാഴ്ച ഒൻപതാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, കാലിക്കറ്റ്‌ എഫ്സിയെ നേരിടും. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന കണ്ണൂരിന് സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്. കാലിക്കറ്റ്‌ നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.

Content Highlights: Kevin’s goal helps Thrissur Magic seal semifinal spot

dot image
To advertise here,contact us
dot image