ദൃശ്യം 3 ആദ്യം വരിക മലയാളത്തില്‍ തന്നെ, ആശങ്ക വേണ്ട; ജീത്തു ജോസഫ് റിപ്പോര്‍ട്ടറിനോട്

ഹിന്ദിയിലെ ദൃശ്യത്തിന്റെ റിലീസിനെ കുറിച്ചും ജീത്തു ജോസഫ് റിപ്പോര്‍ട്ടറിനോട് സംസാരിച്ചു

ദൃശ്യം 3 ആദ്യം വരിക മലയാളത്തില്‍ തന്നെ, ആശങ്ക വേണ്ട; ജീത്തു ജോസഫ് റിപ്പോര്‍ട്ടറിനോട്
dot image

മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ റൈറ്റ്‌സുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മലയാളികള്‍ ചെറിയ ആശങ്കയില്‍ ആയിരുന്നു.

ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതായിരുന്നു വാര്‍ത്ത. സോഷ്യല്‍ മീഡിയയിലൂടെയാണ് പനോരമ സ്റ്റുഡിയോസ് ഇക്കാര്യം പങ്കുവെച്ചത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

ഇതിന് പിന്നാലെ ദൃശ്യം 3 ആദ്യം ഹിന്ദിയിലായിരിക്കുമോ റിലീസ് ചെയ്യുക എന്ന ചോദ്യവുമായി നിരവധി പേരെത്തി. ഒറിജിനല്‍ പതിപ്പിന് മുന്‍പേ റീമേക്ക് വരുന്നത് എങ്ങനെ ശരിയാകുമെന്നും പലരും ചോദിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ജീത്തു ജോസഫ്.

Jeethu Joseph

ദൃശ്യം 3 ആദ്യം മലയാളത്തില്‍ തന്നെയാണ് വരികയെന്നും അതു കഴിഞ്ഞ് മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ എത്തുകയുള്ളു ജീത്തു ജോസഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പനോരമ സ്റ്റുഡിയോസിന് റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ലെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

'പനോരമ സ്റ്റുഡിയോസുമായുള്ള അസോസിയേഷന്റെ വാര്‍ത്ത വന്നതിന് പിന്നാലെ ഒരുപാട് ആള്‍ക്കാര്‍ എന്നെ വിളിക്കുന്നുണ്ട്. ദൃശ്യം 3 മലയാളത്തില്‍ തന്നെയാകും ആദ്യം വരിക. കേരളത്തില്‍ റിലീസിംഗ് ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമാസും തന്നെയാണ്. പുറത്തുള്ള റിലീസാണ് പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തിരിക്കുന്നത്. റീമേക്ക് റൈറ്റ്‌സ് നല്‍കിയിട്ടില്ല. അത് നമ്മുടെ കയ്യില്‍ തന്നെയാണ്. പക്ഷെ അവര്‍ക്ക് ചില റെവന്യൂ റൈറ്റ്‌സ് ലഭിക്കും.

പനോരമ സ്റ്റുഡിയോസ് ആണ് ഇനി എല്ലാം തീരുമാനിക്കുന്നത് എന്നല്ല ഇപ്പോള്‍ വന്നിരിക്കുന്ന വിവരങ്ങളുടെ അര്‍ത്ഥം. മലയാളത്തില്‍ ദൃശ്യം പുറത്തിറങ്ങി മൂന്നോ നാലോ മാസത്തിന് ശേഷമേ ഹിന്ദിയില്‍ റിലീസ് ചെയ്യൂ. ആ രീതിയിലാണ് കരാറിലെ നിബന്ധനകള്‍ വെച്ചിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ രേഖകള്‍ കണ്ടപ്പോള്‍ ആളുകള്‍ക്ക് എല്ലാ റൈറ്റ്‌സും വിറ്റുപോയി എന്ന ആശങ്കയുണ്ടായതാണ്, അങ്ങനെയല്ല കാര്യങ്ങള്‍.

Jeethu Joseph and Mohanlal

ഈ പുതിയ പങ്കാളിത്തത്തിലൂടെ വരും കാലങ്ങളില്‍ മലയാള സിനിമയ്ക്ക് വലിയ രീതയില്‍ ഗുണകരമാകുന്ന മാറ്റങ്ങളുണ്ടാകുമെന്ന് മാത്രം ഇപ്പോള്‍ പറയാം. കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാവ് പങ്കുവെക്കും,' ജീത്തു ജോസഫ് റിപ്പോര്‍ട്ടിനോട് പറഞ്ഞു.

ദൃശ്യം 3 മലയാളം പതിപ്പിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരികയാണ്. ഡിസംബര്‍ ആദ്യ വാരത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നും 2026ല്‍ ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Jeethu Joseph about Drishyam 3 release in Malayalam and Hindi and other details about the latest association with Panorama Studios

dot image
To advertise here,contact us
dot image