'ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകമെന്ന് രാഹുൽ എന്നോട് പറഞ്ഞു'; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകൻ

പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണോയെന്നും ജോർജ് പൂന്തോട്ടം ചോദിച്ചു

'ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകമെന്ന് രാഹുൽ എന്നോട് പറഞ്ഞു'; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകൻ
dot image

എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയിൽ പ്രതികരണവുമായി രാഹുലിൻ്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം. എഫ്ഐആർ ഇട്ടാൽ മുൻ‌കൂർ ജാമ്യം തേടുമെന്നും ഈ പരാതിയെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണോയെന്നും ജോർജ് പറഞ്ഞു. ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകമാണെന്ന് രാഹുൽ തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എഫ്ഐആർ ഇട്ടാൽ മുൻ‌കൂർ ജാമ്യം തേടും. പരാതിയെ കുറിച്ച് വ്യക്തത ഇല്ല, പരാതിയുടെ സ്വഭാവം എന്താണ്? പരാതി നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് സ്റ്റേഷൻ ആണോ…ഈ പരാതിയിൽ അസ്വഭാവികത ഉണ്ട്, ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങൾ കാണിക്കുന്നു. ശബരിമല സ്വർണ്ണ കൊള്ള മറക്കാൻ ഉള്ള നാടകം ആണിത്. മസാലക്ക് വേണ്ടിയുള്ള നാടകമെന്ന് രാഹുൽ എന്നോട് പറഞ്ഞു. പുറത്ത് വന്ന തെളിവുകളെക്കുറിച്ച് രാഹുൽ എന്നോട് പറഞ്ഞിട്ടില്ല ഞാൻ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഡാലോചനയെന്ന് സംശയമുണ്ട്. പരാതി ഇപ്പോൾ വന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യം ആയിരിക്കും', ജോർജ് പൂന്തോട്ടം പറഞ്ഞു.

രാഹുലിനെതിരെ പരാതി നൽകിയ യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ നാളെ കോടതിയില്‍ അപേക്ഷ നല്‍കും. ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് യുവതി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.

Content Highlights: Rahul Mamkootathil advocate george poonthottam talks about the case

dot image
To advertise here,contact us
dot image