
ഫിഫ ലോകകപ്പ് 2026 ലേക്ക് യോഗ്യത നേടി ആഫ്രിക്കൻ രാജ്യമായ കേപ്പ് വെര്‍ദ്. ഇതോടെ ആഫ്രിക്കയില്‍ നിന്നു യോഗ്യത നേടുന്ന ആറാമത്തെ രാജ്യമായി കേപ്പ് വെര്‍ദ് മാറി. അള്‍ജീരിയ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ ടീമുകളാണ് ആഫ്രിക്കയില്‍ നിന്നു നേരത്തെ യോഗ്യത ഉറപ്പാക്കിയവര്‍. കേപ്പ് വെര്‍ദിന്റെ വരവോടെ ലോകകപ്പിനു യോഗ്യത നേടിയ ടീമുകളുടെ എണ്ണം 22 ആയി.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്നലെ രാത്രി എസ്വാറ്റിനിയെ 3-0നു തോൽപിച്ചാണ് കേപ് വെർഡെ യുഎസിലേക്കു ടിക്കറ്റെടുത്തത്. കാമറൂണും നൈജീരിയയും ഉൾപ്പെടെയുള്ള വമ്പൻമാർ ആഫ്രിക്കയിൽ നിന്ന് കാത്തുനിൽക്കവെയാണ് വെറും 5.2 ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർഡെയുടെ ലോകകപ്പ് എൻട്രി. ഐസ്‌ലൻഡ് കഴിഞ്ഞാൽ ലോകകപ്പിനു യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യം കൂടിയാണ് മധ്യ അറ്റ്ലാന്റിക് സമുദ്രത്തിലെ ഈ ദ്വീപസമൂഹം. ഫിഫ റാങ്കിങ്ങിൽ നിലവിൽ 70-ാം സ്ഥാനത്താണ് ഇവർക്കുള്ളത്.
ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പാണ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി അരങ്ങേറുന്നത്. കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ച് 43 ടീമുകളും ആതിഥേയ ടീമുകള്‍ നേരിട്ടും യോഗ്യത ഉറപ്പിക്കും.
ശേഷിക്കുന്ന രണ്ട് ടീമുകള്‍ ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിച്ചാണ് യോഗ്യത ഉറപ്പിക്കുക. ആറ് ടീമുകള്‍ പങ്കെടുക്കുന്നതാണ് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ്.
യൂറോപ്പില്‍ നിന്നു 16 ടീമുകളാണ് ലോകകപ്പ് കളിക്കാനെത്തുക. ഏഷ്യയില്‍ നിന്നു 8 ടീമുകള്‍ നേരിട്ടും ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും. ആഫ്രിക്കയില്‍ നിന്നു 9 ടീമുകള്‍ നേരിട്ടെത്തും. ഒരു ടീം ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫ് കളിക്കും.
വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയന്‍ മേഖലകളില്‍ നിന്നായി മൂന്ന് ടീമുകള്‍ക്കു നേരിട്ടു യോഗ്യത കിട്ടും. (മൂന്ന് ആതിഥേയ രാജ്യങ്ങള്‍ക്കും പുറമേ) ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലേക്ക് 2 ടീമുകള്‍ക്കും അവസരം കിട്ടും. തെക്കേ അമേരിക്കയ്ക്ക് ആറ് നേരിട്ടുള്ള സ്ഥാനങ്ങളുണ്ട്. മറ്റൊരു ടീം ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫ് കളിക്കണം. ഓഷ്യാനിയ മേഖലയില്‍ നിന്നു ന്യൂസിലന്‍ഡ് നേരത്തെ സ്ഥാനമുറപ്പിച്ചു.
ലോകകപ്പ് യോഗ്യത ഉറപ്പിച്ച ടീമുകള്‍
യുഎസ്എ, മെക്‌സിക്കോ, കാനഡ (ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ട്).
ആഫ്രിക്ക: അള്‍ജീരിയ, കേപ് വെര്‍ഡെ, ഈജിപ്റ്റ്, ഘാന, മൊറോക്കോ, ടുണീഷ്യ.
ഏഷ്യ: ഓസ്‌ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍.
ഓഷ്യാനിയ: ന്യൂസിലന്‍ഡ്.
തെക്കേ അമേരിക്ക: അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, ഉറുഗ്വെ.
Content Highlights: Cape Verde makes history, qualifies for its first-ever FIFA World Cup