
മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തില്‍ ഇരുന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമെന്ന് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ നില്‍ക്കട്ടെയെന്നും അതിന് എന്താ കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. അബിന്‍ പറഞ്ഞത് കണ്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗാപോല്‍ കേരളത്തിലും കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സണ്ണി ജോസഫ് പ്രതികരിച്ചു. ഇപ്പോഴത്തെ വിവാദങ്ങളില്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി പറഞ്ഞില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. നോട്ടീസ് കൈപ്പറ്റിയോ എന്നായിരുന്നു ചോദ്യമെന്നും അല്ലെങ്കില്‍ ഇ ഡി മറുപടി പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു. 'നോട്ടീസ് എന്തിന് അയച്ചെന്നും തുടര്‍ നടപടികളെന്താണെന്നും ഇ ഡി പറയണം. മുഖ്യമന്ത്രിയും കേന്ദ്രവും തമ്മിലുള്ള ഒത്തു തീര്‍പ്പിന്റെ ഭാഗമായി ഇത് മുക്കി കളഞ്ഞു. മുഖ്യമന്ത്രി ഉരുണ്ട് കളിക്കുകയാണ്', അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തുടരാന്‍ അവസരം നല്‍കണമെന്ന് നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അബിന്‍ വര്‍ക്കി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യം പാര്‍ട്ടിയെ അറിയിച്ചെന്നും അബിന്‍ സൂചിപ്പിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞതെല്ലാം താന്‍ ചെയ്ട്ടുണ്ടെന്നും കാലങ്ങളായി യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
'രാഹുല്‍ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി. 170000 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് എന്ന ടാഗ് വന്നാലേ ഞാന്‍ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ല. കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. സഹപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്നോടൊപ്പം നിന്നു. പാര്‍ട്ടി തീരുമാനത്തെ മറിച്ച് പറയില്ല. സ്ഥാനമാനമല്ല പ്രധാനം', അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് താന്‍ പറയില്ലെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. തന്നെ വെട്ടി തുണ്ടമാക്കിയാലും പാര്‍ട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാന്‍ ഇല്ല. അഭ്യര്‍ത്ഥന മുന്നോട്ട് വെക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോണ്‍ഗ്രസില്‍ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണ്. സ്ഥാനം ഇല്ലെങ്കിലും താന്‍ യൂത്ത്‌കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sunny Joseph denied Abin Varkeys demand to work in Kerala