
മഞ്ചേരി: സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ് സി - കണ്ണൂർ വാരിയേഴ്‌സ് എഫ് സി സൂപ്പർ സൺഡേ പോരാട്ടം സമനിലയിൽ അവസാനിച്ചു. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല (0-0). രണ്ട് വീതം കളി പൂർത്തിയായപ്പോൾ നാല് പോയന്റുമായി കണ്ണൂരും മലപ്പുറവും ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്ത് നിൽക്കുന്നു.
എതിർ കോട്ട ആക്രമിക്കാനുള്ള ഫോർമേഷനുമായാണ് മലപ്പുറവും കണ്ണൂരും കളത്തിലിറങ്ങിയത്. എന്നാൽ അവധി ദിനമായ ഞായറാഴ്ച ഗ്യാലറി നിറയെ എത്തിയ കാണികൾക്ക് മുൻപിൽ കൃത്യമായ ആസൂത്രണമില്ലാതെയായിരുന്നു തുടക്കത്തിൽ ഇരുടീമുകളും പന്ത് തട്ടിയത്. ആദ്യ അര മണിക്കൂറിൽ ഗോൾ സാധ്യതയുള്ള ഒരു നീക്കം പോലും കണ്ടില്ല.
മുപ്പത്തിയേഴാം മിനിറ്റിൽ മലപ്പുറത്തിന് മികച്ച അവസരം കൈവന്നു. കോർണർ ഫ്ലാഗിന് സമീപത്ത് നിന്ന് ജിതിൻ പ്രകാശ് എടുത്ത ത്രോ നേരെ കണ്ണൂർ പോസ്റ്റിന് മുന്നിലെത്തി. ഗനി നിഗം പന്ത് കൃത്യമായി നീക്കി നൽകിയെങ്കിലും സൂപ്പർ താരം റോയ് കൃഷ്ണക്ക് ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. കരീം സാമ്പ്, ലവ് സാംബ, എസിയർ ഗോമസ് ത്രയത്തിന്റെ മികവിൽ കണ്ണൂർ ആദ്യ പകുതിയിൽ ഏതാനും മുന്നേറ്റങ്ങൾ നടത്തി. ഫിനിഷിങിലെ പിഴവുകൾ സന്ദർശകർക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മലപ്പുറത്തിന്റെ ജിതിൻ പ്രകാശിന് പരുക്കൻ കളിക്ക് റഫറിയുടെ മഞ്ഞക്കാർഡ് ലഭിച്ചു. അൻപത്തിയാറാം മിനിറ്റിൽ കണ്ണൂരിന് അവസരം. മനോജ് നൽകിയ ക്രോസിന് ഷിജിൻ കൃത്യമായി തലവെച്ചെങ്കിലും മലപ്പുറം ഗോളി മുഹമ്മദ് അസ്ഹർ രക്ഷകനായി. ഗനി നിഗത്തിന് പകരം ആതിഥേയർ അഖിൽ പ്രവീൺ കുമാറിനെ കളത്തിലിറക്കി. മുഹമ്മദ് റിഷാദ്, ജോൺ കെന്നഡി എന്നിവരും പകരക്കാരായി എത്തി.
കണ്ണൂർ സയ്യിദ് മുഹമ്മദ് നിദാൽ, ഗോകുൽ എസ് എന്നിവർക്കും അവസരം നൽകി. ബ്രസീലുകാരൻ ജോൺ കെന്നഡിയെ മുന്നിൽ നിർത്തിയുള്ള മലപ്പുറത്തിന്റെ അവസാന ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. സൂപ്പർ ലീഗ് കേരള സീസൺ രണ്ടിലെ ആദ്യ സമനിലയാണിത്. 17427 പേർ ഇന്നലെ മത്സരം കാണാനെത്തി.
Content Highlights: Super league kerala, Isl,Tiruvanthapuram kombans, Kannur warriors