ക്യാപ്റ്റൻ മാജിക്ക്; സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റിനെ തോൽപ്പിച്ച് തൃശൂർ

സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം.

ക്യാപ്റ്റൻ മാജിക്ക്; സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റിനെ തോൽപ്പിച്ച് തൃശൂർ
dot image

സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ക്യാപ്റ്റൻ മെയിൽസൺ ആൽവീസ് നേടിയ ഗോളാണ് ആതിഥേയരായ കാലിക്കറ്റ്‌ എഫ് സിക്കെതിരെ തൃശൂർ മാജിക് എഫ് സിക്ക് ജയമൊരുക്കിയത്. രണ്ട് വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയന്റാണുള്ളത്.

ഇ എം എസ് സ്റ്റേഡിയത്തിൽതുടക്കം മുതൽ അർജന്റീനക്കാരൻ ഹെർനാൻ ബോസോ മധ്യനിരയിൽ അധ്വാനിച്ചു കളിച്ചെങ്കിലും സ്വന്തം ഗ്രൗണ്ടിൽ ആദ്യ ഇരുപത് മിനിറ്റിനിടെ ഒരു ഗോൾ നീക്കം പോലും കാലിക്കറ്റ്‌ എഫ് സിക്ക് നടത്താൻ കഴിഞ്ഞില്ല. ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് അപകടകരമാംവിധം തൃശൂരിന്റെ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. എന്നാൽ സന്ദർശക ടീമിന്റെ അണ്ടർ 23 ഗോൾ കീപ്പർ കമാലുദ്ധീൻ പന്ത് തട്ടിത്തെറിപ്പിച്ചു. മത്സരത്തിൽ ഗോളിന് അടുത്തെത്തിയ ആദ്യ നീക്കവും ഇതായിരുന്നു.

ഇരുപത്തിയെട്ടാം മിനിറ്റിൽ വലതു വിങിലൂടെ എത്തിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടെ തൃശൂരിന്റെ പരിചയസമ്പന്നനായ മാർക്കസ് ജോസഫ് അടിച്ചത് ലക്ഷ്യം കണ്ടില്ല. മുപ്പത്തിയാറാം മിനിറ്റിൽ തൃശൂരിന്റെ ഗോൾ. എസ് കെ ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് ക്യാപ്റ്റൻ ബ്രസീലുകാരൻ മെയിൽസൺ ആൽവീസ് രണ്ട് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ കാലിക്കറ്റ്‌ പോസ്റ്റിൽ എത്തിച്ചു (1-0). പന്ത് ജഴ്സിക്കുള്ളിൽ വെച്ചാണ് പ്രതിരോധഭടൻ ഗോൾ ആഘോഷിച്ചത്.

തൊട്ടുപിന്നാലെ ഘാനക്കാരൻ ഫ്രാൻസിസ് അഡോയുടെ ബൈസിക്കിൽ കിക്ക് കാലിക്കറ്റ്‌ പോസ്റ്റിലേക്ക് വന്നെങ്കിലും ഗോളി ഹജ്മൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ആദ്യപകുതി അവസാനിക്കാനിരി ക്കെ തൃശൂരിന്റെ എസ് കെ ഫയാസിന് പരുക്കൻ അടവിന് മഞ്ഞക്കാർഡ് ലഭിച്ചു.

രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ നിന്ന് റിയാസിനെ പിൻവലിച്ച കാലിക്കറ്റ്‌ ആക്രമണത്തിൽ സഹായിക്കാൻ അനികേത് യാദവിനെ കൊണ്ടുവന്നു. നാൽപ്പത്തിയേഴാം മിനിറ്റിൽ പ്രശാന്തിന്റെ പാസിൽ കൊളംബിയക്കാരൻ സെബാസ്റ്റ്യൻ റിങ്കണിന്റെ ഗോൾ ശ്രമം തൃശൂരിന്റെ പോസ്റ്റിൽ തട്ടി മടങ്ങി. ഇവാൻ മാർക്കോവിച്ചിന് പകരം ഉമാശങ്കറിനും ഫയാസിന് പകരം ഫൈസൽ അലിക്കും തൃശൂർ അവസരം നൽകി.

സച്ചു, അജ്സൽ, അരുൺ കുമാർ എന്നിവരെയിറക്കി കാലിക്കറ്റ്‌ സമനിലക്ക് പൊരുതി നോക്കി. എന്നാൽ തൃശൂർ പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല. ഇഞ്ചുറി സമയത്ത് തൃശൂരിന് ഫ്രാൻസിസ് അഡോയിലൂടെ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

Content Highlights: Captain Malison’s header sees Thrissur shock champion Calicut

dot image
To advertise here,contact us
dot image