'താലിബാന് സ്ത്രീകൾ മനുഷ്യരല്ല, അവർക്ക് വീടിന് പുറത്ത് സ്ത്രീകളെ കാണാൻ താൽപര്യമില്ല'; വിമർശിച്ച് തസ്ലീമ നസ്രീൻ

താലിബാൻ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നതെന്നും പുരുഷ മാധ്യമപ്രവർത്തകർക്ക് അൽപ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ അവർ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്ലീമ നസ്രീൻ എക്സിൽ കുറിച്ചു

'താലിബാന് സ്ത്രീകൾ മനുഷ്യരല്ല, അവർക്ക് വീടിന് പുറത്ത് സ്ത്രീകളെ കാണാൻ താൽപര്യമില്ല'; വിമർശിച്ച് തസ്ലീമ നസ്രീൻ
dot image

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യമന്ത്രിയുടെ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ. താലിബാൻ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നതെന്നും പുരുഷ മാധ്യമപ്രവർത്തകർക്ക് അൽപ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ അവർ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്ലീമ നസ്രീൻ എക്സിൽ കുറിച്ചു.

'അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിൽ വന്ന് ഒരു പത്രസമ്മേളനം നടത്തി. അദ്ദേഹം ഒരു വനിതാ പത്രപ്രവർത്തകരെയും പങ്കെടുക്കാൻ അനുവദിച്ചില്ല. താലിബാൻ ആചരിച്ചുവരുന്ന ഇസ്ലാമിൽ, സ്ത്രീകൾ വീട്ടിൽ തന്നെ കഴിയുകയും കുട്ടികളെ പ്രസവിക്കുകയും ഭർത്താവിനെയും കുട്ടികളെയും സേവിക്കുകയും മാത്രമേ ചെയ്യാവൂ എന്നാണ് കരുതുന്നത്. സ്ത്രീവിരുദ്ധരായ ഈ പുരുഷന്മാർക്ക് വീടിന് പുറത്ത് എവിടെയും സ്ത്രീകളെ കാണാൻ താൽപ്പര്യമില്ല - സ്കൂളുകളിലോ ജോലിസ്ഥലങ്ങളിലോ കാണാൻ പാടില്ല. സ്ത്രീകളെ മനുഷ്യരായി കണക്കാക്കാത്തതിനാൽ അവർ സ്ത്രീകൾക്ക് മനുഷ്യാവകാശങ്ങൾ നൽകാൻ വിസമ്മതിക്കുന്നു. പുരുഷ മാധ്യമ പ്രവർത്തകർക്ക് മനസ്സാക്ഷി ഉണ്ടായിരുന്നെങ്കിൽ, അവർ പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയേനെ. കൊടിയ സ്ത്രീവിരുദ്ധതയിൽ കെട്ടിപ്പടുത്ത ഒരു രാജ്യം പ്രാകൃത രാഷ്ട്രമാണ്. ഒരു പരിഷ്കൃത നാടും അതിനെ അംഗീകരിക്കരുത്', അവർ കുറിച്ചു.

അഫ്ഗാനിലെ താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലാണ് കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയത്. അമിർ ഖാൻ മുത്തഖി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളെ കണ്ടത്. എന്നാൽ വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരെ മാത്രമാണ് ക്ഷണിച്ചത്. ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു വാർത്താ സമ്മേളനം. വിമർശനങ്ങൾ ഉയർന്നതോടെ വനിത മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും വാർത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിഷയത്തിൽ പ്രതിഷേധവുമായി വനിതാ മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്ന് വനിതാ മാധ്യമപ്രവർത്തകർ പ്രതികരിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയ കേന്ദ്ര സർക്കാരിനെയും വനിതാ മാധ്യമ പ്രവർത്തകർ വിമർശിച്ചിരുന്നു

സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് വ്യക്തമാകുന്നതാണ് ഈ സംഭവമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം പി പറഞ്ഞു. എല്ലായിടത്തും തുല്യപങ്കാളിത്തത്തിന് സ്ത്രീകൾക്ക് അർഹതയുണ്ട്. വിവേചനങ്ങൾക്കെതിരെയുള്ള മൗനം, നാരീശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

Content Highlights: Taslima Nasreen On Row Over Journalist Ban by taliban

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us