
അമേരിക്കയുടെ ഉപരോധം മറികടന്ന് ഇറാനിൽനിന്ന് രഹസ്യമായി ചൈന എണ്ണ വാങ്ങുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുപണ്ട്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും ചൈന നടത്തുന്ന എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് വലിയ തർക്കങ്ങൾക്കും വഴി വെച്ചിരുന്നു. രാജ്യത്തിൻറെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏത് രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്രം തങ്ങൾക്കുണ്ടെന്ന് ആയിരുന്നു ചൈനയുടെ നിലപാട്. ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല, വ്യാപാര തർക്കങ്ങൾ നീണ്ടുപോവുകയും ചെയ്തു. ഇപ്പോഴിതാ അമേരിക്കയുടെ കണ്ണുവെട്ടിച്ച് ഇറാനിൽ നിന്നും വാങ്ങുന്ന എണ്ണക്ക് ചൈന എങ്ങനെയാണു പണം അടക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. ചൈന സൂത്രത്തിൽ ചെയ്തു പോന്നിരുന്ന വലിയ രഹസ്യം വെളിപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈന ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നുണ്ട്. 2015ൽ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് യുഎസ് പ്രസിഡന്റ് പിന്മാറിയതിന് ശേഷം 2018 മുതൽ ചൈന ഇറാനിയൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരാണ്. പക്ഷേ ഇറാൻ തങ്ങളുടെ ആണവ പദ്ധതി രഹസ്യമായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്ന് യുഎസ് കണ്ടെത്തിയതിനെത്തുടർന്ന് 2018ൽ ഉപരോധങ്ങൾ വീണ്ടും നിലവിൽ വന്നു. ഇറാനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടും ബീജിംഗ് ടെഹ്‌റാനിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ല, ഇറാനുമായി കൂടുതൽ അടുക്കാനും പണം ഇടപാടുകൾ നടത്താനും രഹസ്യ മാർഗം കണ്ടെത്തുകയാണ് ചൈന പിന്നീട് ചെയ്തത്.
നിലവിലെ നിയമങ്ങൾ പ്രകാരം ഒരു രാജ്യത്തിനു മേൽ എന്തെങ്കിലും കാരണങ്ങളിൽ ഉപരോധം നിലനിൽക്കുന്നുണ്ടെങ്കിൽ, മറ്റു രാജ്യങ്ങൾക്ക് അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനങ്ങളോ ഗേറ്റ്‌വേകളോ വഴി ഉപരോധം ഏർപ്പെടുത്തിയ രാജ്യത്തിനെ സഹായിക്കാൻ സാധിക്കില്ല. അതിനാൽ, ഇറാനിൽ നിന്ന് ചൈന എണ്ണ വാങ്ങുകയാണെങ്കിൽ നിലവിലെ പണമടയ്ക്കൽ രീതികൾ ഉപയോഗിക്കാൻ ചൈനയ്ക്ക് കഴിയില്ല. അതിനാൽ അവർ കണ്ടെത്തിയ രഹസ്യ മാർഗ്ഗമാണ് ബാർട്ടർ സിസ്റ്റം.
റിപ്പോർട്ടുകൾ പ്രകാരം, ചൈനയും ഇറാനുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള എണ്ണ കൈമാറ്റ സമ്പ്രദായം നിലനിൽക്കുന്നുണ്ട്. എണ്ണയ്ക്ക് പകരമായി ടെഹ്‌റാന് പല തരം പ്രതിഫലങ്ങൾ നൽകി ചൈന സഹായിച്ചു വരികയാണ്. ഇറാനിൽ നിന്ന് എണ്ണ വാങ്ങി അതിന് പകരമായി അടിസ്ഥാന സൗകര്യങ്ങൾ നിർമിച്ചു കൊടുക്കുക, അതിനായി ധനസഹായം നൽകുക എന്നതാണ് ആ ബാർട്ടർ സിസ്റ്റം. നേരിട്ട് പണം അയക്കുന്നതിന് പകരം എണ്ണ വിറ്റുകിട്ടുന്ന പണം കൊണ്ട് ഇറാനിൽ എയർപോർട്ടുകൾ, റിഫൈനറികൾ, മറ്റു സൗകര്യങ്ങൾ എന്നിവയാണ് ചൈന നിർമ്മിച്ച് കൊടുക്കുന്നത്.
അതിനായി 2 വഴിയാണ് ചൈനക്കുള്ളത്. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനിയും ഇടനിലക്കാരായ ചൈനീസ് സാമ്പത്തിക സ്ഥാപനവും വഴി ആ നിർമ്മാണ പ്രവർത്തങ്ങൾ നടക്കും. അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനത്തെയും യുഎസ് ഉപരോധങ്ങളെയും മറികടന്നാണ് പുറം ലോകം അറിയാതെ പിൻവാതിലിലൂടെയുള്ള ഈ നീക്കം.
ഇതുകൂടാതെ എണ്ണ ചൈനയിലേക്ക് എത്തുന്ന വഴിയും രീതിയും വളരെ രഹസ്യമായി തന്നെയാണ് ഇരു രാജ്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഇറാനിയൻ എണ്ണ പലപ്പോഴും ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്കുള്ള കൈമാറ്റത്തിലൂടെയാണ് ചൈനയിലേയ്ക്ക് കടത്തപ്പെടുന്നത്. ചൈനയിൽ എത്തുന്നതിനുമുമ്പ് ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ സ്റ്റോക്കുകളുമായി ഇത് കൂടി ചേരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അധികാരികൾക്ക് കയറ്റുമതി ഔദ്യോഗികമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാകും എന്നതാണ് വാസ്തവം.
ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ എണ്ണ ഇറക്കുമതികളിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്യുന്നില്ല. ഉപരോധങ്ങൾക്കിടയിലും ഇറാന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയോടെ നിലനിർത്തുന്നതിനൊപ്പം അത്യാവശ്യമായ വരുമാനം നേടാൻ ഈ എണ്ണ കൈമാറ്റം രാജ്യത്തെ സഹായിക്കുന്നുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഇങ്ങനെ അമേരിക്കയുടെ കണ്ണിൽ പെടാതെ ഇത്രയും കാലം നടത്തി വന്നിരുന്ന ബാർട്ടർ സിസ്റ്റം ചൈന തുടരുകയാണ്.
ഇറാനെ സംബന്ധിച്ചിടത്തോളം ഈ സംവിധാനം ഒരു ജീവനാഡിയാണ്. ഉപരോധങ്ങൾ ബാങ്കുകളിലേക്കും വിദേശ നിക്ഷേപത്തിലേക്കുമുള്ള അവരുടെ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ രഹസ്യ സംവിധാനത്തിലൂടെ, ഇറാൻ എണ്ണ കയറ്റുമതിയിൽ നിന്ന് പണം സമ്പാദിക്കുക മാത്രമല്ല, ചൈനയുടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ സ്വീകരിക്കുന്നതിലൂടെ രാജ്യത്ത് വികസനം കൊണ്ടുവരിക കൂടിയാണ്. അതേ സമയം ചൈനക്കും ഗുണങ്ങൾ ഏറെയാണ്. പരമ്പരാഗതമായി യുഎസ് വലിയ സ്വാധീനം ചെലുത്തിയിരുന്ന മേഖലയാണ് മിഡിൽ ഈസ്റ്റ്. അതുകൊണ്ട് തന്നെ ഈ കരാറിലൂടെ മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുതാൻ ചൈനക്ക് സാധിക്കും. 2024-ലെ കണക്ക് പ്രകാരം ഇറാൻ 43 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിൽ കയറ്റുമതി നടത്തിയതിൽ 90 ശതമാനവും ചൈനയിലേക്കാണ് പോയത്. ചൈനയുമായുള്ള പങ്കാളിത്തത്തെ ഇറാൻ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കൊടുക്കൽ വാങ്ങലുകൾ.
Content Highlights : How does China secretly paying for oil from Iran?