
ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് അശ്വിനി വൈഷ്ണവും ജപ്പാന്റെ ഗതാഗത - ടൂറിസം മന്ത്രി ഹിരോമാസാ നക്കാനോവും മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് നടക്കുന്ന സൂറത്തിലും മുംബൈയിലും സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം കേന്ദ്ര മന്ത്രി നടത്തിയത്.
വളരെ മികച്ച രീതിയിലാണ് ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വയർ ഡക്ടുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയായെന്നും ട്രാക്കുകളുടെയും ഇലക്ട്രിക്ക് വയറിങ്ങുകളുടെയും പ്രവൃത്തികളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2027 ഓഗസ്‌റ്റോടെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പന്ത്രണ്ട് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള മുംബൈ അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി 508 കിലോമീറ്ററാണ് സർവീസ് നടത്തുക. മുംബൈ (ബാന്ദ്ര കുർള കോംപ്ലക്‌സ്), താനെ, വിരാർ, ബോയിസർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വദോദര, ആനന്ദ്/നാദിയാദ്, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിലാണ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളുള്ളത്.
അഹമ്മദാബാദിലെ സബർമതിയിൽ 2017 സെപ്തംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 1.1ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിയുടെ ഭാഗമായുള്ള 323 കിലോമീറ്റർ വയോഡക്ട്, 399 കിലോമീറ്റർ പീയർ വർക്ക് എന്നിവ പൂർത്തിയാക്കി. ഇതിൽ നദികൾക്ക് കുറുകേയുള്ള 17 പാലങ്ങൾ, അഞ്ച് പിഎസ്‌സി പാലങ്ങൾ, നാല് സ്റ്റീൽ പാലങ്ങൾ എന്നിവയെല്ലാം പൂർത്തിയായി. 211 കിലോമീറ്റർ ട്രാക്ക് ബെഡുകളും നാലു ലക്ഷത്തോളം നോയിസ് ബാരിയർ സ്ഥാപിക്കുന്ന പണികളും പൂർത്തിയായിട്ടുണ്ട്.
പാൽഘറിൽ കുന്നുകള്‍ക്കിടയിലൂടെയുള്ള ഏഴോളം തുരങ്കങ്ങളുടെ പണി പുരോഗമിക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്റൈ ആതിഥേയം വഹിക്കാൻ പോകുന്ന ഗുജറാത്തിൽ കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയില്‍ ഇതുവരെ 2,764 കിലോമീറ്ററോളം പുതിയ റെയിൽവെ ലൈനുകൾ നിർമിച്ചു കഴിഞ്ഞു. അത് ഡെൻമാർക്കിന്റെ മുഴുവൻ റെയിൽവെ ലൈനിനെക്കാള്‍ അധികമാണെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
Content Highlights: first Bullet train in India to be run by august 2027