
മേജര്‍ ലീഗ് സോക്കറില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ വിജയം. ലീഗ്‌സ് കപ്പ് ചാംപ്യന്മാരായ സിയാറ്റില്‍ സൗണ്ടേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മയാമി വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റുമായി ലയണല്‍ മെസി തിളങ്ങി.
മത്സരത്തിന്റെ 12-ാം മിനിറ്റില്‍ സൂപ്പര്‍ താരം ജോഡി ആല്‍ബയിലൂടെയാണ് മയാമി മുന്നിലെത്തിയത്. ലയണല്‍ മെസിയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മെസിയുടെ ഗോളും പിറന്നു. 41-ാം മിനിറ്റില്‍ മെസി ഗോളടിക്കുമ്പോള്‍ ആല്‍ബയാണ് അസിസ്റ്റ് നല്‍കിയത്.
Full time from @chase_stadium 🤩🔥 pic.twitter.com/eqwwnCRmwG
— Inter Miami CF (@InterMiamiCF) September 17, 2025
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മയാമി മൂന്നാം ഗോളും നേടി. 52-ാം മിനിറ്റില്‍ ഡി പോളിന്റെ അസിസ്റ്റില്‍ ഇയാന്‍ ഫ്രേയാണ് മയാമിയുടെ ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ ഒബേദ് വര്‍ഗാസിലൂടെ സിയാറ്റില്‍ തിരിച്ചടിച്ചെങ്കിലും മയാമി വിജയം സ്വന്തമാക്കി.
ഇതോടെ 2025 ലീഗ്‌സ് കപ്പ് ഫൈനലിലെ പരാജയത്തിന്റെ കണക്കുതീര്‍ക്കാനും ഇന്റര്‍ മയാമിക്ക് സാധിച്ചു. സെപ്റ്റംബര്‍ ഒന്നിന് നടന്ന ലീഗ്‌സ് കപ്പ് ഫൈനലില്‍ മയാമിയെ കീഴടക്കിയാണ് സിയാറ്റില്‍ സൗണ്ടേഴ്‌സ് ലീഗ്‌സ് കപ്പുയര്‍ത്തിയത്. കലാശപ്പോരില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മെസിയും സംഘവും അടിയറവ് പറഞ്ഞത്.
Content Highlights: Major League Soccer: Lionel Messi scores and assists as Inter Miami beats Seattle Sounders