പൊളിഞ്ഞ് വീണ ചുമരുകൾ, കത്തിയ രേഖകൾ; ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേൽക്കുമോ നേപ്പാള്‍ ?

നേപ്പാളിന്റെ പുനഃനിര്‍മാണത്തിനായി ഏതറ്റം വരെയും പോകുമെന്ന് ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ല

പൊളിഞ്ഞ് വീണ ചുമരുകൾ, കത്തിയ രേഖകൾ; ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേൽക്കുമോ നേപ്പാള്‍ ?
dot image

പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ എന്നൊരു ചൊല്ലുണ്ട് കേരളത്തില്‍. അക്ഷരാര്‍ഥത്തില്‍ അതേ അവസ്ഥയിലാണ് ഇന്ന് നേപ്പാള്‍..ജെന്‍ സി അഴിച്ചുവിട്ട പ്രക്ഷോഭം കെട്ടടങ്ങി പഴയപോലെ സാധാരണ ജീവിതത്തിലേക്ക് നീങ്ങുകയാണ് നേപ്പാള്‍. സര്‍ക്കാര്‍ ഓഫിസുകളും മറ്റും പ്രതിഷേധാഗ്നിയില്‍ കത്തിയമര്‍ന്നതോടെ ഇരിക്കാന്‍ ഒരു കസേര പോലുമില്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.മേശയും കസേരയും മാത്രമല്ല ഫയലുകളോ, കംപ്യൂട്ടറുകളോ, മറ്റു ഉപകരണങ്ങളോ ഒന്നും തന്നെ അവശേഷിച്ചിട്ടില്ല. എന്തിന്, സൈന്യം കര്‍ഫ്യൂ ഇളവ് ചെയ്തതിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം നേപ്പാളിലെ സുപ്രീം കോടതി വരെ താല്‍ക്കാലിക ടെന്റില്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

സുപ്രീം കോടതി സമുച്ചയത്തില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 26,000 ഓളം വരുന്ന നിലവില്‍ പരിഗണിക്കേണ്ട കേസ് ഫയലുകളുടെ രേഖകളും 36,000 പഴയ ഫയലുകളുടെ രേഖകളും തീപിടുത്തത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഉള്‍പ്പെടെ നൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകളും വാഹനങ്ങളും വരെ കത്തിയമര്‍ന്നിരുന്നു. ജഡ്ജിമാരുടെ ചേംബറുകള്‍, രജിസ്ട്രാര്‍ ഓഫീസുകള്‍, കോടതിമുറികള്‍ എന്നിവയെല്ലാം കത്തിനശിച്ചു, മതിലുകള്‍ തകര്‍ന്നു. ഇതോടെ മറ്റുവഴികളില്ലാതെയാണ് കോടതിയുടെ പ്രവര്‍ത്തനം താല്ക്കാലിക ടെന്റിലേക്ക് മാറ്റിയിരിക്കുന്നത്. കോടതി രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കര്‍ക്കിയും സമ്മതിക്കുകയും സമ്മതിച്ചിട്ടുണ്ട്.

Nepal SC

പ്രധാനമന്ത്രിയുടെ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പ്രക്ഷോഭകാരികള്‍ തീ വച്ചു നശിപ്പിച്ചതിനാല്‍ ആഭ്യന്തര മന്ത്രാലയ വളപ്പിലാണ് ഓഫിസിന്റെ പ്രവര്‍ത്തനം. ആഭ്യന്തര മന്ത്രാലയത്തിനുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. കൈയില്‍ കിട്ടുന്ന സാധങ്ങള്‍ എല്ലാം വാരിക്കൂട്ടി പുതിയൊരിടത്തേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് ആഭ്യന്തര മന്ത്രാലയം.

പ്രക്ഷോഭം ഒതുങ്ങിയെങ്കിലും, നേപ്പാള്‍ ശാന്തമായിക്കൊണ്ടിരിക്കുകയാണെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചെത്തണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങണം. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ, കൃത്യമായ പ്രവര്‍ത്തന രീതിയില്ലാതെ മുന്നോട്ട് പോവുക നേപ്പാളിന് പ്രയാസമാകും.

കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് ആണ് സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെ തടുര്‍ന്ന് Gen Z പ്രതിഷേധക്കാരുടെ സംഘങ്ങള്‍ നഗരത്തിലുടനീളം കലാപം അഴിച്ചുവിട്ടത്. കെട്ടടങ്ങിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നേപ്പാളിനെ പഴയപടി ആക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.
എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്.. പക്ഷെ നേപ്പാളിന്റെ പുനഃനിര്‍മാണത്തിനായി ഏതറ്റം വരെയും പോകുമെന്നാണ് ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കിയുടെ പ്രഖ്യാപനം.

Content Highlights : Nepal Supreme Court shifts to tents after nationwide destruction

dot image
To advertise here,contact us
dot image