അടുത്തത് ടൊവിനോ, പിന്നെ ദുൽഖർ; 'ലോക'യുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുൺ

'കുറച്ച് ആഴ്ചകൾക്ക് ശേഷം അടുത്ത ഭാഗത്തിന്റെ സ്ക്രിപ്റ്റിലേക്ക് നമ്മൾ കടക്കും'

അടുത്തത് ടൊവിനോ, പിന്നെ ദുൽഖർ; 'ലോക'യുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുൺ
dot image

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുൺ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ടൊവിനോയെ നായകനാക്കിയുള്ള ചാത്തന്റെ കഥയാണ് ഇനി അടുത്തതായി ലോക യൂണിവേഴ്സിൽ പുറത്തിറങ്ങാൻ ഉള്ളതെന്നും അതിന് ശേഷം ദുൽഖറിന്റെ ചിത്രം വരുമെന്നും ഡൊമിനിക് അരുൺ പറഞ്ഞു.

'അടുത്ത ഭാഗം ടൊവിനോയുടെ ചാത്തനെക്കുറിച്ചാണ്. അതൊരു ഔട്ട് ആൻഡ് ഔട്ട് ടൊവിനോ ഷോ ആയിരിക്കും. ദുൽഖറിനെ നായകനാക്കിയുള്ള മൂന്നാം ഭാഗം അതിന് ശേഷം വരും. നിലവിൽ അടുത്ത ഭാഗങ്ങളെക്കുറിച്ച് ഞാൻ കൂടുതലൊന്നും തലപുകഞ്ഞ് ആലോചിക്കുന്നില്ല. എന്നാൽ എത്രയും പെട്ടെന്ന് തുടങ്ങണമെന്നാണ് എനിക്ക് ആഗ്രഹം. കുറച്ച് ആഴ്ചകൾക്ക് ശേഷം അടുത്ത ഭാഗത്തിന്റെ സ്ക്രിപ്റ്റിലേക്ക് നമ്മൾ കടക്കും', ഡൊമിനിക്കിന്റെ വാക്കുകൾ. ലോക യൂണിവേഴ്സിലെ അടുത്ത ഭാഗങ്ങളിൽ എന്താണ് നടക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ധാരണയുണ്ടെന്നും എന്നാൽ തിരക്കഥയുടെ വർക്കുകൾ പൂർത്തിയാക്കാനുണ്ടെന്നും ഡൊമിനിക് അരുൺ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

'എല്ലാ കഥാപാത്രങ്ങളുടെയും ഒർജിൻ സ്റ്റോറി ഐഡിയ ഞങ്ങളുടെ പക്കലുണ്ട്. ഈ യൂണിവേഴ്‌സ് എങ്ങനെ അവസാനിക്കുമെന്നും വരാനിരിക്കുന്ന സിനിമകളിൽ സംഭവിക്കാൻ പോകുന്ന പ്രധാന പ്ലോട്ട് എന്താണെന്നും ഞങ്ങൾക്ക് കൃത്യമായ ഐഡിയ ഉണ്ട്. പക്ഷെ അടുത്ത സിനിമകളുടെ തിരക്കഥയിൽ ഇനിയും വർക്കുകൾ പൂർത്തിയാക്കാനുണ്ട്. ഈ യൂണിവേഴ്സിൽ എന്തൊക്കെയാണ് സംഭവിക്കേണ്ടത് എന്നതിൽ ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട് എന്നാൽ ഒരു ഫോമിലേക്ക് അതിനെ മാറ്റിയെടുക്കേണ്ടതുണ്ട്', ഡൊമിനിക് അരുൺ പറഞ്ഞു.

ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Dominic Arun about Lokah next parts

dot image
To advertise here,contact us
dot image