
മെയ് 7ന് പാകിസ്താൻ അതിർത്തി കടന്ന് ഇന്ത്യൻ സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാനാ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് സംഘടനയുടെ കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി. ബഹാവൽപൂരിൽ നടന്ന ആക്രമണത്തിലാണ് മസൂദിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത്. ആയുധധാരികളായ പാക് സൈനികർ ചുറ്റും നിൽക്കേ കശ്മീരി ഇക്കാര്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജാമി മസ്ജിദ് സുബ്ഹാൻ അള്ളാഹിലെ ആസ്ഥാനത്താണ് ആക്രമണം നടന്നത്.
ഓപ്പറേഷൻ സിന്ദൂർ ആക്രമണം നടന്നതിന് പിന്നാലെ മസൂദ് തന്റെ പത്ത് കുടുംബാംഗങ്ങളും നാലോളം അടുത്ത അനുയായികളും കൊല്ലപ്പെട്ടെന്ന് സമ്മതിച്ചിരുന്നു. മസൂദിന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ, അയാളുടെ ഭാര്യ, മറ്റൊരു അനന്തരവൾ, അഞ്ച് കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മസൂദിന്റെ അടുത്ത അനുയായി, അയാളുടെ അമ്മ, മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു എന്നാണ് പിടിഐ റിപ്പോർട്ട്. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന പ്രവർത്തന കേന്ദ്രമാണ് ബഹാവൽപൂരിലേത്.
ഏറ്റുപറച്ചിലിൽ കശ്മീരി പറയുന്നത്, മസൂദ് അസറിന്റെ കുടുംബത്തിലെ പത്തുപേർ മരിച്ചെന്നാണ്. മുതിർന്ന ജെയ്‌ഷെ നേതാവും മസൂദ് അസറിന്റെ സഹോദരിയുടെ ഭർത്താവുമായ മുഹമ്മദ് യൂസുഫ് അസറും കൊല്ലപ്പെട്ടു. 1999 ഇന്ത്യൻ എയർലൈൻ ഫ്‌ളൈറ്റ് കഇ 814 റാഞ്ചിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. സാധാരണയായി നഷ്ടങ്ങളൊന്നും ഏറ്റുപറയാത്ത ജെയ്‌ഷെ, ഇക്കാര്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് പാക് വാദത്തെ തള്ളുന്ന കാര്യങ്ങളാണ് കശ്മീരി തുറന്ന് പറഞ്ഞിരിക്കുന്നത്.
ഇന്ത്യൻ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ അഞ്ച് പാക് യുദ്ധവിമാനങ്ങളെയടക്കം തകർത്തെന്നും ബഹവൽപൂരിലെയും മുരിദ്‌കെയിലേയും രണ്ട് ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടെന്നും ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എപി സിങ് വ്യക്തമാക്കിയിരുന്നു.
ഏപ്രിൽ 22-നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. പഹൽഗാമിലെ ബൈസരൺവാലിയിൽ പൈൻ മരങ്ങൾക്കിടയിൽ നിന്നും ഇറങ്ങിവന്ന ഭീകരർ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരാക്രമണത്തിൽ ഒരു വിദേശിയുൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യൻ അതിർത്തിയിലെ ജനവാസ മേഖലകളിൽ പാകിസ്താൻ ഡ്രോൺ, ഷെൽ, മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഈ ആക്രമണങ്ങൾ വിഫലമാക്കിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. മെയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലുണ്ടായത്.
Content Highlights: Jaish commandar admits masood azhars family torn into pieces during Operation Sindoor