
ലീഗ്സ് കപ്പിൽ ഇന്റർ മയാമിക്ക് നാടകീയ വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നെകാക്സയെയാണ് മയാമി കീഴടക്കിയത്. നിശ്ചിത സമയത്ത് 2-2 സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ഇന്റർ മയാമി വിജയം പിടിച്ചെടുത്തു.
Vamos Miami 💗🖤 Victoria para seguir soñando ✨ pic.twitter.com/7wwCiw4cpD
— Inter Miami CF (@InterMiamiCF) August 3, 2025
തിരിച്ചടിയോടെയായിരുന്നു ഇന്റർ മയാമിയുടെ തുടക്കം. മത്സരത്തിന്റെ 11-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് പേശീവലിവിനെ തുടർന്ന് കളം വിടേണ്ടിവന്നു. മെസ്സിയെ നഷ്ടമായെങ്കിലും തകർപ്പൻ തിരിച്ചുവരവാണ് ഇന്റർ മയാമി കാഴ്ചവെച്ചത്. മെസ്സി കളം വിട്ടതിന് തൊട്ടടുത്ത നിമിഷം ടെലാസ്കോ സെഗോവിയയിലൂടെ മയാമി ലീഡെടുത്തു. എന്നാൽ 33-ാം മിനിറ്റിൽ ടോമസ് ബഡലോണിയുടെ ഗോളിലൂടെ നെകാക്സ സമനില പിടിച്ചു.
81-ാം മിനിറ്റിൽ റിക്കാർഡോ മോൺറിയലിലൂടെ നെകാക്സ മുന്നിലെത്തിയെങ്കിലും, ഇഞ്ചുറി ടൈമിൽ ജോർഡി ആൽബയുടെ ഹെഡർ ഗോൾ മയാമിക്ക് സമനില നേടിക്കൊടുത്തു. പെനാൽറ്റി ഷൂട്ടൗട്ടിൽ മയാമി ഗോൾകീപ്പർ റോക്കോ റിയോസ് നോവോയുടെ നിർണായക സേവും ലൂയിസ് സുവാരസ് വിജയഗോളും നേടി മയാമിക്ക് വിജയം സമ്മാനിച്ചു.
Content Highlights: Leagues Cup 2025: Inter Miami beats Necaxa on penalties despite Messi suffering injury