ഹാരി കെയ്ന്‍ അല്ല 'ഹീറോ കെയ്ന്‍'! ക്ലബ്ബ് ലോകകപ്പില്‍ ബ്രസീലിയന്‍ ക്ലബ്ബിനെ തൂക്കി ബയേണ്‍ ക്വാര്‍ട്ടറില്‍

ആദ്യപകുതിയില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് വിജയമുറപ്പിച്ചിരുന്നു

dot image

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍. ബ്രസീല്‍ വമ്പന്മാരായ ഫ്‌ളമെങ്ങോയെ വീഴ്ത്തിയാണ് ബയേണ്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. രണ്ടിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ബയേണിന് വേണ്ടി സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.

ആദ്യപകുതിയില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് വിജയമുറപ്പിച്ചിരുന്നു. ആറാം മിനിറ്റില്‍ ജോഷ്വാ കിമ്മിഷിന്റെ കോര്‍ണറില്‍ നിന്ന് ഫ്‌ളമെങ്ങോയുടെ എറിക് പുള്‍ഗര്‍ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ മുന്നിലെത്തി. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഹാരി കെയ്ന്‍ ഗോള്‍ നേടി ബയേണിന്റെ സ്‌കോര്‍ ഇരട്ടിയാക്കി.

33-ാം മിനിറ്റില്‍ ഫ്‌ളമെങോ തിരിച്ചടിച്ചു. ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ജെര്‍സണ്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ബയേണ്‍ രണ്ട് ഗോള്‍ ലീഡ് തിരിച്ചുപിടിച്ചു. ഫ്‌ളമെങ്ങോയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലിയോണ്‍ ഗോരെറ്റ്‌സ്‌ക 20 യാര്‍ഡ് അകലെ നിന്ന് ഉതിര്‍ത്ത മികച്ചൊരു ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ഗിഞ്ഞോ ഫ്‌ളമെങ്ങോയുടെ രണ്ടാം ഗോള്‍ സമ്മാനിച്ചു. ഇതോടെ സ്‌കോര്‍ 3-2 ആയി. എന്നാല്‍ 73-ാം മിനിറ്റില്‍ കെയ്ന്‍ തന്റെ രണ്ടാം ഗോള്‍ നേടിയതോടെ ബയേണ്‍ വിജയം പൂര്‍ത്തിയാക്കി. ഒപ്പം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനവും സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ബയേണ്‍ ഇനി പിഎസ്ജിയെ നേരിടും.

Content Highlights: Harry Kane Scores Twice, Bayern Munich Tops Flamengo to Advance in Club World Cup

dot image
To advertise here,contact us
dot image