ക്ലബ് ലോകകപ്പിൽ ഇന്റർ മയാമിയെ തകർത്തെറിഞ്ഞു, PSG ക്വാർട്ടർ ഫൈനലിൽ

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാല് ​ഗോളുകളും പിറന്നത്

dot image

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നും ഇന്റർ മയാമി പുറത്ത്. ലയണൽ മെസ്സിയുടെ സംഘത്തെ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് വീഴ്ത്തിയ ഫ്രഞ്ച് ക്ലബ് പി എസ് ജി ക്ലബ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. പി എസ് ജിയ്ക്കായി ജോവോ നെവസ് ഇരട്ട ​ഗോൾ നേടി. അഷ്റഫ് ഹക്കീമി ഒരു ​ഗോൾ വലയിലാക്കിയപ്പോൾ മറ്റൊന്ന് ഇന്റർ മയാമി പ്രതിരോധത്തിന്റെ സെൽഫ് ​ഗോളായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് നാല് ​ഗോളുകളും പിറന്നത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ആദ്യ ​ഗോൾ പിറന്നു. ബോക്സിന് പുറത്തായി ലഭിച്ച ഫ്രീക്വിക്കിൽ വിറ്റിന്യയുടെ ഷോട്ട് നെവസ് വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയിൽ മയാമിയുടെ പകുതിയിലായിരുന്നു മത്സരം പുരോ​ഗമിച്ചത്. ദുർബലമായ മയാമി പ്രതിരോധം മറികടന്ന് പലതവണ പി എസ് ജി ​താരങ്ങൾ ​ഗോൾമുഖത്തേയ്ക്കെത്തി. 39-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ രണ്ടാമത്തെ ​ഗോൾ പിറന്നത്. ഇത്തവണയും നെവസ് വലചലിപ്പിച്ചു.

44-ാം മിനിറ്റിൽ ദിസിരെ ദുവെയുടെ ക്രോസ് തടയാൻ ശ്രമിച്ച ടോമസ് അവിലസിന് പിഴച്ചു. താരത്തിന്റെ സെൽഫ് ​ഗോൾ മയാമിക്ക് വീണ്ടും ആഘാതമായി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ അഷ്റഫ് ഹക്കീമി കൂടി വലചലിപ്പിച്ചതോടെ പി എസ് ജി എതിരില്ലാത്ത നാല് ​ഗോളുകൾക്ക് മുന്നിലായി.

രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ മയാമിക്ക് കഴിഞ്ഞു. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെ ഏതാനും ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ​വലചലിപ്പിക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ യൂറോപ്പ്യൻ ചാംപ്യന്മാരെ പ്രതിരോധിക്കാൻ കഴിഞ്ഞത് മാത്രമാണ് മയാമിയുടെ നേട്ടം.

Content Highlights: PSG thrashes Inter Miami to seal FIFA Club World Cup quarterfinal

dot image
To advertise here,contact us
dot image