'ഒരു മണ്ടനെ പോലെ തോന്നി, അംഗീകരിക്കാന്‍ സാധിക്കില്ല'; ലെവൻഡോവ്‌സ്‌കിയെ വിമർശിച്ച് മുൻ താരങ്ങൾ

പ്രോബിയേഴ്സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ലെവന്‍ഡോസ്‌കിയെ മാറ്റി പകരം പീറ്റര്‍ സിലിസങ്കിയെ നിയമിച്ചു

dot image

പോളണ്ട് ടീമിനായി കുറേ നാളത്തേക്ക് കളിക്കില്ലെന്ന് പറഞ്ഞ മുന്‍നായകന്‍ റോബര്‍ട്ട് ലെവൻഡോവ്‌സ്‌കിയെ വിമര്‍ശിച്ച് മുന്‍ താരങ്ങളായ വോയ്സിക് കൊവാല്‍സിക്കും ഗ്രെഗോര്‍സ് ലാറ്റോയും.

മൈക്കല്‍ പ്രോബിയേഴ്‌സിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുന്നതുവരെ താന്‍ ദേശീയ ടീമിനായി കളിക്കില്ലെന്ന ലെവന്‍ഡോസ്‌കിയുടെ പ്രഖ്യാപനത്തെയാണ് ഇരുവരും വിമര്‍ശിച്ചത്.

പ്രോബിയേഴ്സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ലെവന്‍ഡോവ്‌സ്‌കിയെ മാറ്റി പകരം പീറ്റര്‍ സിലിസങ്കിയെ നിയമിച്ചു. തന്നെ മാറ്റിയ രീതി ഒരുപാട് വേദനിപ്പിച്ചെന്നും ചതിച്ചത് പോലെ തോന്നിയെന്നുമായിരുന്നു ലെവന്‍ഡോവ്‌സ്‌കി പറഞ്ഞത്. ഇതിന് പിന്നാലെ കോച്ചിനെ മാറ്റുന്നത് വരെ രാജ്യത്തിനായി കളിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ലെവന്‍ഡോസ്‌കി ഒരു മണ്ടനെ പോലെയാണ് പെരുമാറിയതെന്നാണ് കൊവാല്‍സിക് പറഞ്ഞത്. ഒരു കളിക്കാരനും കോച്ചിനെ ഭീഷണിപ്പെടുത്തരുതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

'പേര് എന്തുതന്നെയായാലും, ഒരു പരിശീലകനെ അധിക്ഷേപിക്കുകയും, അദ്ദേഹം പരിശീലകനാകുന്നതുവരെ കളിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു കളിക്കാരനെ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമായി തോന്നുന്നു,' ഗ്രെഗോര്‍സ് ലാറ്റോ പറഞ്ഞു.

'സാഹചര്യങ്ങളും, പോളിഷ് ദേശീയ ടീമിന്റെ പരിശീലകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതും കണക്കിലെടുത്ത്, അദ്ദേഹം പരിശീലകനാകുന്നിടത്തോളം കാലം പോളിഷ് ദേശീയ ടീമില്‍ നിന്ന് കളിക്കുന്നത് നിര്‍ത്തുവാന്‍ ഞാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആരാധകര്‍ക്കായി വീണ്ടും കളിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' എന്നായിരുന്നു ലെവന്‍ഡോവ്‌സ്‌കി എക്‌സില്‍ കുറിച്ചത്.

Content Highlight- "Acted like an idiot"; "I find it unacceptable" - Former Poland stars slam Robert Lewandowski after he quit the national team

dot image
To advertise here,contact us
dot image