ഡേയ്ഞ്ചറസ്; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ അൽ നസറിന്റെ വിജയം

അവസാന മിനിറ്റുകളിൽ ഹാട്രിക് ശ്രമവുമായി റൊണാൾഡോ മുന്നേറി.

dot image

റിയാദ്: പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രായം 38 വയസാണ്. എങ്കിലും കാൽപ്പന്തിന്റെ ലോകത്ത് ഇന്നും ക്രിസ്റ്റ്യാനോ അപകടം നിറഞ്ഞ എതിരാളിയാണ്. ക്രിസ്റ്റാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ സൗദി പ്രോ ലീഗിൽ വീണ്ടും അൽ നസർ തകർപ്പൻ ജയം നേടി. എതിരില്ലാത്ത മൂന്ന് ഗോളിന് അൽ ഉഖ്ദൂദിനെയാണ് റൊണാൾഡോയും സംഘവും തകർത്തുവിട്ടത്. അതിൽ പ്രധാനം 76-ാം മിനിറ്റിലെ റൊണാൾഡോയുടെ ലോഫ്റ്റഡ് ഗോളാണ്.

മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ അൽ നസർ മുന്നിലെത്തി. സമി അൽ-നജീയാണ് അൽ നസറിനായി സ്കോർകാർഡ് തുറന്നത്. ആദ്യ പകുതിയിൽ ഒരു ഗോള് അൽ നസറിന് ആത്മവിശ്വാസമേകി. പിന്നീട് നിരന്തരമായി അൽ ഉഖ്ദൂദിന്റെ പോസ്റ്റിലേക്ക് അൽ നസറിന്റെ ആക്രമണമുണ്ടായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അൽ ഉഖ്ദൂദ് ചില തിരിച്ചടികൾക്ക് ശ്രമിച്ചു. അപകടം മണത്ത അൽ നസർ ലൈനപ്പിൽ ചില മാറ്റങ്ങൾ വരുത്തി. മാര്സലോ ബ്രോസോവിച്ചിനെ കളത്തിലെത്തിച്ച് അൽ നസർ പ്രതിരോധവും മധ്യനിരയും ശക്തിപ്പെടുത്തി. പിന്നീടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ്റ്റർക്ലാസ് കണ്ടത്.

76-ാം മിനിറ്റിൽ ലോഫ്റ്റഡ് ഷോട്ട് റൊണാൾഡോ എളുപ്പത്തിൽ വലയിലെത്തിച്ചു. പിന്നാലെ 79-ാം മിനിറ്റിൽ വീണ്ടും റൊണാൾഡോ വലചലിപ്പിച്ചു. അവസാന മിനിറ്റുകളിൽ ഹാട്രിക് ശ്രമവുമായി റൊണാൾഡോ മുന്നേറി. എങ്കിലും അൽ ഉഖ്ദൂദ് പ്രതിരോധവും ഗോൾകീപ്പർ പോളോ വിക്ടറിന്റെ ഗോൾ കീപ്പിങ് മികവും ആ ഒരു നേട്ടത്തിന് തടസമായി.

dot image
To advertise here,contact us
dot image