
തിരുവനന്തപുരം: പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ കെപിസിസി അദ്ധ്യക്ഷനാക്കിയത് മുതല്‍ സഭയുടെ നോമിനിയാണെന്ന് രാഷ്ട്രീയ എതിരാളികള്‍ ആക്ഷേപിച്ചിരുന്നു. ഈ ആക്ഷേപത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍.
സണ്ണി ജോസഫിനെ നോമിനിയായി ചിത്രീകരിക്കുന്ന നിങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് എന്താണ് മനസ്സിലാക്കിയിരിക്കുന്നതെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ ചോദിച്ചു. താരതമ്യേന മുസ്ലിം സമുദായം വളരെ കുറവുള്ള ഇടുക്കി ജില്ലയില്‍ ഡിസിസി അദ്ധ്യക്ഷനായി അഞ്ച് വര്‍ഷത്തോളം ഇരുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍. അവിടെ ജാതി നോക്കിയാണോ തന്നെ വച്ചതെന്നും തന്റെ പാര്‍ട്ടി തന്റെ അഭിമാനമാണ് എന്നത് പോലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനമാണ് പാര്‍ട്ടിയെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
'നിയുക്ത കെപിസിസി അധ്യക്ഷനായി ശ്രീ സണ്ണി ജോസഫ് എംഎല്‍എ യെ ഹൈക്കമാന്‍ഡ് നിയോഗിച്ചത് മുതല്‍ എല്‍ഡിഎഫ് ബിജെപി പ്രവര്‍ത്തകരായിട്ടുള്ള ചിലര്‍ അദ്ദേഹത്തെ കത്തോലിക്കാ സഭയുടെ നോമിനിയായി ചിത്രീകരിക്കുന്നത് കാണുകയുണ്ടായി. നിങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് എന്താണ് മനസ്സിലാക്കിയിരിക്കുന്നത്? മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് യോഗ്യതയാണോ? എന്റെ അനുഭവം ഞാന്‍ പറയാം. താരതമ്യേന മുസ്ലിം സമുദായം വളരെ കുറവുള്ള ഇടുക്കിജില്ലയില്‍ ഡിസിസി അധ്യക്ഷനായി അഞ്ചുവര്‍ഷത്തോളം ഇരുന്ന എളിയവനായ പൊതുപ്രവര്‍ത്തകനാണ് ഞാന്‍. അവിടെ ജാതി നോക്കിയാണോ എന്നെ വെച്ചത്? ഇന്നുവരെ സിപിഎം ഓ ബിജെപിയോ അങ്ങനെ ഒരാളെ ഇടുക്കിയില്‍ വെച്ചിട്ടുണ്ടോ? ഇതേപോലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സമാനതകള്‍ ഉള്ള എത്രയോ വ്യക്തികള്‍ ഈ സംസ്ഥാനത്തെമ്പാടുമുണ്ട്. സിപിഎമ്മും ബിജെപിയും പച്ചജാതി മാത്രമല്ലേ ഇക്കാര്യത്തില്‍ നോക്കുന്നത്?എന്റെ പാര്‍ട്ടി എന്റെ അഭിമാനമാണ് എന്നതുപോലെ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിമാനമാണ് പാര്‍ട്ടി. സണ്ണി ജോസഫ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ, നിലവില്‍ രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ സ്ഥാനങ്ങളില്‍ എല്ലാം ഇരുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അര്‍ഹനാണ്. അതേപോലെതന്നെ ആന്റോ ആന്റണി എം പി കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് തന്നെയാണ്. ജനഹൃദയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. കോട്ടയം ഡിസിസി പ്രസിഡണ്ട് എന്ന നിലയില്‍ രാജ്യത്തെ തന്നെ ഏറ്റവും നല്ല പ്രസിഡണ്ടിനുള്ള സമ്മാനം വാങ്ങിയ ആളാണ്. ഏറ്റവും നല്ല ഒരു ലോകസഭാ സാമാജികനാണ്. ഇടത് ബിജെപി പ്രൊഫൈലുകളില്‍ ഈ രണ്ടു നേതാക്കള്‍ക്കെതിരെയുള്ള പ്രചാരണം അവസാനിപ്പിക്കൂ. ഇത് ആത്മാഭിമാനമുള്ള ഒരു പ്രസ്ഥാനത്തിനും നല്ലതല്ല. ജയ് ഹിന്ദ്', ഇബ്രാഹിംകുട്ടി കല്ലാര്‍ ഫേസ്ബുക്ക് കുറിച്ചു.