
മദ്യപാന ആസക്തിയെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ദിവസവും ഒരൊറ്റയിരിപ്പില്‍ 18 കുപ്പി ബിയര്‍ വരെ കഴിച്ച കാലമുണ്ടെന്ന് ജാവേദ് അക്തർ പറഞ്ഞു. മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് അക്തർ ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്.
'വിസ്‌കിയോട് അലര്‍ജിക് ആയിരുന്ന ഞാൻ ബിയര്‍ മാത്രമാണ് കഴിച്ചിരുന്നത്. ഒറ്റയിരിപ്പില്‍ 18 കുപ്പി ബിയര്‍ വരെ കഴിക്കുമായിരുന്നു. പിന്നീട് വയര്‍ ചാടിയതോടെയാണ് ബിയര്‍ നിര്‍ത്തി റമ്മിലേക്ക് തിരിഞ്ഞത്. ആരുടെയും കൂട്ടില്ലാതെയും ഞാൻ മദ്യപിച്ചിരുന്നു,' ജാവേദ് അക്തർ പറഞ്ഞു. പത്തൊമ്പതാം വയസ്സില്‍ മദ്യപാനം തുടങ്ങിയതാണെന്നും പിന്നീട് അത് ശീലമാകുകയായിരുന്നുവെന്നും അദ്ദേഹം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കി ബോംബെയിലെത്തിയ താന്‍ കൂട്ടുകാര്‍ക്കൊപ്പമാണ് മദ്യപാനം ആരംഭിച്ചത്. ഇത് പിന്നീട് ശീലമായെന്നും ജാവേദ് പറഞ്ഞു.
ജാവേദ് അക്തറിന്റെ മദ്യപാനാസക്തിയെക്കുറിച്ചും അത് മറികടന്നതിനെക്കുറിച്ചും ഭാര്യ ശബാന ആസ്മിയും നേരത്തേ സംസാരിച്ചിരുന്നു. ഇങ്ങനെ പോയാല്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നും ജോലി ക്രിയാത്മകമായി ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഒരു ലണ്ടന്‍ യാത്രയ്ക്കിടയിലാണ് മദ്യപാനം നിര്‍ത്താനുള്ള തീരുമാനം എടുത്തതെന്നും അതിന് ശേഷം ഇതുവരെ ജാവേദ് അക്തര്‍ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്നും ശബാന ആസ്മി പറഞ്ഞു.
ബോളിവുഡിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് സലിം ഖാൻ - ജാവേദ് അക്തർ കോംബോ. ഡോൺ, സഞ്ജീർ, ദീവാർ, ഷോലെ തുടങ്ങിയ എക്കാലത്തെയും വമ്പൻ ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. 2006 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രമായ ഡോണിനാണ് അവസാനമായി ജാവേദ് അക്തർ തിരക്കഥയൊരുക്കിയത്.
Content Highlights: Javed Akthar talks about his alchohol addiction